ജലന്ധര്‍ : മുന്‍ ഇന്ത്യന്‍ കബഡി താരം സന്ദീപ് സിങ് നംഗലിന്‍റെ കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണൽ വൈരാഗ്യമെന്ന് പൊലീസ്. കാനഡ ആസ്ഥാനമായുള്ള സ്‌നോവർ ധില്ലന്‍ എന്നയാളുടെ നിർദേശ പ്രകാരമാണ് കൊലപാതകം നടന്നതെന്നും ഇയാള്‍ ഇന്‍റര്‍നാഷണല്‍ കബഡി ഫെഡറേഷൻ ഓഫ് ഒന്‍റാറിയോ എന്ന സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
കേസിൽ ധില്ലൻ ഉൾപ്പടെ ഒരു ഡസനടുത്ത് ആളുകള്‍ക്കെതിരെ കേസെടുത്തതായി പഞ്ചാബ് ഡിജിപി വികെ ഭാവ്ര അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം എന്നിങ്ങനെ 20ലധികം ക്രിമിനൽ കേസുകൾ നേരിടുന്ന നാല് പേരെ വിവിധ ജയിലുകളിൽ ചോദ്യം ചെയ്തതോടെയാണ് ധില്ലന്‍റെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
സംഗ്രൂർ നിവാസിയായ യുവരാജ് എന്ന ഫത്തേ സിങ്, ഹരിയാനയിലെ ഗുരുഗ്രാമിലെ നഹർപൂർ രൂപയിലെ കൗശൽ ചൗധരി, ഹരിയാനയിലെ മഹേഷ്‌പൂര്‍ പൽവൻ ഗ്രാമത്തിലെ അമിത് ദാഗർ, യുപിയിലെ മധോപൂർ പിലിഭിത് ഗ്രാമത്തിലെ ഗുണ്ട തലവന്‍ സിമ്രൻജീത് സിങ് എന്ന ജുജാർ സിങ് എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്‌തത്.
നാഷണൽ കബഡി ഫെഡറേഷൻ ഓഫ് ഒന്‍റാറിയോയില്‍ ചേരാൻ നിരവധി കളിക്കാരെ സ്നോവർ ധില്ലൺ പ്രേരിപ്പിച്ചിരുന്നുതായും എന്നാല്‍ പ്രശസ്തരായ മിക്ക കളിക്കാരും സന്ദീപ് നിയന്ത്രിക്കുന്ന മേജർ ലീഗ് കബഡിയുമായി ബന്ധപ്പെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്നും ചോദ്യം ചെയ്യലിൽ ഫത്തേ സിങ് വെളിപ്പെടുത്തിയതായി ഡിജിപിവികെ ഭാവ്ര പറഞ്ഞു.