മോശം ഫോം തുടരുന്ന ഇന്ത്യയുടെ എയ്‌സ് ഷട്ട്‌ലര്‍ പിവി സിന്ധുവിന് ബിഡബ്ല്യുഎഫ് ലോക റാങ്കിങ്ങില്‍ കനത്ത തിരിച്ചടി. കളിക്കളത്തില്‍ മോശം ഫോം തുടരുന്ന പിവി സിന്ധു അഞ്ച് സ്ഥാനങ്ങള്‍ താഴ്‌ന്ന് 17-ാം റാങ്കിലേക്ക് വീണു. നിലവിൽ 14 ടൂർണമെന്‍റുകളിൽ നിന്ന് 49,480 പോയിന്‍റാണ് 28-കാരിയായ സിന്ധുവിനുള്ളത്. ഒരു ദശാബ്ദത്തിനിടയിലെ സിന്ധുവിന്‍റെ ഏറ്റവും താഴ്ന്ന റാങ്കിങ്ങാണിത്. 2013 ജനുവരിയിലായിരുന്നു സിന്ധു അവസാനമായി 17-ാം റാങ്കിലെത്തിയത്.
പരിക്കിനെ തുടര്‍ന്ന് അഞ്ച് മാസം പുറത്തിരുന്ന ഇരട്ട ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു തിരിച്ചെത്തിയതിന് ശേഷം ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. അതിന്‍റെ ഫലമായി സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ സിന്ധുവിന് കഴിഞ്ഞിട്ടില്ല. ബിഡബ്ല്യുഎഫ് ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് വരെ എത്തിയിരുന്ന സിന്ധുവിന് 2022-ലെ കോമൺവെൽത്ത് ഗെയിംസിനിടെയാണ് പരിക്കേല്‍ക്കുന്നത്. കണങ്കാലിനായിരുന്നു പരിക്കേറ്റതിരുന്നത്.
2016 മുതൽ ആദ്യ 10-ൽ ഇടം നേടിയ സിന്ധു, 2016 ഏപ്രിലിലാണ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ രണ്ടാം നമ്പറിലേക്ക് എത്തുന്നത്. അടുത്ത വർഷം ഏപ്രിലിൽ അവസാനിക്കുന്ന ഒളിമ്പിക് യോഗ്യത കാലയളവിൽ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ 2026-ല്‍ നടക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സിന്ധുവിന് കഴിയില്ല.
2019-ലെ ലോക ചാമ്പ്യനായ സിന്ധുവിന്‍റെ ഈ സീസണിലെ മികച്ച പ്രകടനം മാഡ്രിഡ് സ്പെയിൻ മാസ്റ്റേഴ്സിന്‍റെ ഫൈനലിൽ എത്തിയതായിരുന്നു. കാനഡ ഓപ്പണ്‍, മലേഷ്യ മാസ്റ്റേഴ്‌സ് എന്നീ ടൂര്‍ണമെന്‍റുകളില്‍ സെമി ഫൈനലിലുമെത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. തുടര്‍ന്ന് നടന്ന യുഎസ് ഓപ്പണ്‍ ബാഡ്‌മിന്‍റണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് താരത്തിന് പുറത്താവേണ്ടി വന്നത്. നിലവില്‍ കൊറിയന്‍ ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്‍റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് 28-കാരി. ഇന്ത്യയുടെ മറ്റൊരു വനിത താരമായ സൈന നെഹ്‌വാൾ അഞ്ച് സ്ഥാനങ്ങൾ ഇടിഞ്ഞ് 36-ാം റാങ്കിലെത്തി.