ക്വാലാലംപുർ (മലേഷ്യ) :ബാഡ്‌മിന്‍റൺ പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടി ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ചൊവ്വാഴ്ച ബിഡബ്ല്യുഎഫ് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് ലക്ഷ്യയുള്ളത്. ഇതാദ്യമായാണ് ലക്ഷ്യ റാങ്കിങ്ങില്‍ ആദ്യ പത്തിൽ ഇടം നേടുന്നത്.
കഴിഞ്ഞ വർഷം ലോക ചാമ്പ്യൻഷിപ്പില്‍ വെങ്കല മെഡൽ നേടുകയും ജനുവരിയിൽ ഇന്ത്യ ഓപ്പൺ നേടുകയും ചെയ്‌ത 20കാരന്‍ മിന്നുന്ന ഫോമിലാണ്. ഈ മാസമാദ്യം നടന്ന ജർമന്‍ ഓപ്പണിന്‍റേയും തുടര്‍ന്ന് നടന്ന ഓൾ ഇംഗ്ലണ്ട് ഓപ്പണിലും ഫൈനലിലെത്താന്‍ താരത്തിനായിരുന്നു. ഇതോടെ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ലക്ഷ്യ ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
74,786 പോയിന്‍റാണ് ലക്ഷ്യയ്‌ക്കുള്ളത്. ഡെന്മാര്‍ക്കിന്‍റെ ഒളിമ്പിക് മെഡല്‍ ജേതാവ് വിക്‌ടർ അക്‌സെല്‍സനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ജപ്പാന്‍റെ കെന്‍റെ മൊമോട്ട, ഡെന്മാര്‍ക്കിന്‍റെ ഡെയ്ൻ ആൻഡേഴ്‌സ് ആന്‍റോൺസണ്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.