ടോക്കിയോ :ബാഡ്‌മിന്‍റണ്‍ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ബി സായ് പ്രണീത് പുറത്ത്. പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ തായ്‌വാന്‍റെ ചൗ ടിയാൻ ചെനിനോടാണ് പ്രണീത് തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ കീഴടങ്ങല്‍.
ആദ്യ സെറ്റ് കൈമോശം വന്ന പ്രണീത് രണ്ടാം സെറ്റ് പിടിച്ച് മത്സരത്തിലേക്ക് തിരിച്ച് വന്നിരുന്നു. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റ് നേടിയാണ് തായ്‌വാന്‍ താരം മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-15, 15-21, 21-15.
വനിത സിംഗിള്‍സ് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ മാളവിക ബൻസോദും തോല്‍വി വഴങ്ങി. ഡെന്മാർക്കിന്‍റെ ലൈൻ ക്രിസ്റ്റഫേഴ്‌സനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്‍റെ തോല്‍വി. സ്‌കോര്‍: 21-14, 21-12.
അതേസമയം വനിത ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. മാലിദ്വീപിന്‍റെ ഫാത്തിമ നബാഹ- അമിനത്ത് നബാഹ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അശ്വിനി - സിക്കി സഖ്യത്തിന്‍റെ വിജയം. ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായ വെല്ലുവിളിയാവാന്‍ മാലി താരങ്ങള്‍ക്ക് കഴിഞ്ഞില്ല. സ്‌കോര്‍: 21-7, 21-9.