ന്യൂഡൽഹി: ലോക ബാഡ്‌മിന്‍റണ്‍ റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്കുയർന്ന് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ത്യയുടെ കന്നി തോമസ് കപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച പ്രണോയ് ഏറ്റവും പുതിയ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തേക്കാണ് ഉയർന്നിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ലക്ഷ്യ സെന്നാണ് പട്ടികയിൽ ഇന്ത്യൻ താരങ്ങളിൽ മുന്നിൽ.
കഴിഞ്ഞ ബാഡ്‌മിന്‍റണ്‍ ലോക ഫെഡറേഷൻ വേൾഡ് ടൂറിന്‍റെ ഫൈനലിൽ ഇടം നേടിയ ഏക ഇന്ത്യൻ താരമായിരുന്നു പ്രണോയ്. ടൂർണമെന്‍റിൽ ഗ്രൂപ്പ് എയിലെ തന്‍റെ മൂന്നാമത്തെയും അവസാനത്തെയും സിംഗിംൾസ് മത്സരത്തിൽ ഡെൻമാർക്കിന്‍റെ ലോക ഒന്നാം നമ്പർ താരം വിക്‌ടർ ആക്‌സെൽസനെ പ്രണോയ് പരാജയപ്പെടുത്തിയിരുന്നു.
പിന്നാലെ സെപ്‌റ്റംബർ ആറിന് പുറത്തിറക്കിയ ടൂർ റാങ്കിങ്ങിൽ പ്രണോയ് ഒന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. സിംഗിൾസ് റാങ്കിങ്ങിൽ നാല് വർഷത്തിന് ശേഷം അത്തവണ പ്രണോയ് 14-ാം സ്ഥാനത്തേക്കും എത്തിയിരുന്നു. പിന്നാലെയാണ് സ്ഥിരതയോടെയുള്ള മികച്ച പ്രകടനങ്ങളുടെ ഫലമായി എട്ടാം സ്ഥാനത്തേക്കെത്താൻ പ്രണോയ്‌ക്കായത്.
പുരുഷ സിംഗിൾസ് റാങ്കിംഗിൽ ഡെന്മാർക്കിന്‍റെ വിക്‌ടർ ആക്‌സെൽസെൻ ഒന്നാം സ്ഥാനത്തും മലേഷ്യൻ താരം ലീ സി ജിയ രണ്ടാം സ്ഥാനത്തും സിംഗപ്പൂരിൽ നിന്നുള്ള ലോഹ് കീൻ യൂ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ഒരു സ്ഥാനം നഷ്‌ടപ്പെട്ട് 12-ാം റാങ്കിലേക്ക് വീണു.
ഇന്ത്യയുടെ പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ബിഡബ്ല്യുഎഫ് റാങ്കിങിൽ അഞ്ചാം സ്ഥാനം നിലനിർത്തി. എന്നാൽ വനിത സിംഗിൾസ് വിഭാഗത്തിൽ പിവി സിന്ധു ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി ഏഴാം റാങ്കിലേക്ക് വീണു. പരിക്കിനെത്തുടർന്ന് കുറച്ചുകാലമായി കോർട്ടിന് പുറത്തായതാണ് താരത്തിന് തിരിച്ചടിയായത്.