ബേൺലി : ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവ് ഉറപ്പിച്ച് വിൻസന്‍റ് കോംപനി പരിശീലകനായ ബേൺലി. ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ മിഡിൽസ്‌ബ്രോയെ 2-1ന് തോൽപ്പിച്ചതോടെയാണ് പ്രീമിയർ ലീഗ് സ്ഥാനക്കയറ്റം ഉറപ്പാക്കിയത്. 19 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് ലീഗിലേക്കുള്ള മടക്കം ആഘോഷമാക്കിയത്. ബേൺലിക്ക് ചാമ്പ്യൻഷിപ്പിൽ ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്.
വിൻസന്‍റ് കോംപനിക്ക് കീഴിൽ മികച്ച രീതിയിലാണ് ബേൺലി കളിക്കുന്നത്. പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്‌ത്തപ്പെട്ടതിന് ശേഷമാണ് കോംപനി പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. പ്രീമിയർ ലീഗിലേക്ക് ടീമിനെ എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമായിരുന്നു മുന്നിലുണ്ടായിരുന്നത്. അത് വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനായകൻ. ബെൽജിയൻ ക്ലബ് ആൻഡർലെച്ചിൽ നിന്നാണ് ബേൺലിയിലെത്തിയത്.
മിഡിൽസ്‌ബ്രോയെ അവരുടെ മൈതാനത്ത് നേരിട്ട ബേൺലി 2-1ന്‍റെ ജയമാണ് നേടിയത്. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച എവേ റെക്കോർഡുള്ള ക്ലാരറ്റ്‌സ് മത്സരത്തിന്‍റെ 12-ാം മിനിട്ടിൽ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ ചുബ അക്‌പോം മിഡിൽസ്‌ബ്രോയെ ഒപ്പമെത്തിച്ചു. 66-ാം മിനിട്ടിൽ കോണർ റോബർട്‌സ് ബേൺലിക്ക് വിജയഗോൾ സമ്മാനിച്ചു. ഇതോടെ തരംതാഴ്ത്തപ്പെട്ട ആദ്യം സീസണിൽ തന്നെ തിരികെ പ്രീമിയർ ലീഗിലെത്താനായി എന്നത് പരിശീലകൻ കോംപനിയുടെ മികവാണ്.
മിഡിൽസ്‌ബ്രോക്കെതിരായ ജയത്തിന് പുറമെ മൂന്നാം സ്ഥാനക്കാരായ ലൂട്ടൺ ടൗൺ സമനില വഴങ്ങിയതുമാണ് സ്ഥാനക്കയറ്റം എളുപ്പമാക്കിയത്. ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ് ബേൺലിയുടെ സ്ഥാനം. രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രം തോൽവിയറിഞ്ഞ ക്ലാരെറ്റ്സ് 11 പോയിന്‍റ് ലീഡുമായാണ് മുൻപന്തിയിൽ തുടരുന്നത്. 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബേൺലിക്ക് 87 പോയിന്‍റും രണ്ടാമതുള്ള ഷെഫീൽഡിന് 76 പോയിന്‍റാണുള്ളത്.