ബെര്‍ലിന്‍:ഫിഫ ലോകകപ്പിന്‍റെ നടത്തിപ്പിനോട് അനുബന്ധിച്ച് ഖത്തറില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് ആരാധകരുടെ പ്രതിഷേധം. ബയേണ്‍ മ്യൂണിക്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ ഉള്‍പ്പെടെ ജര്‍മനിയിലെ ഒട്ടുമിക്ക ക്ലബ്ബുകളുടെ ആരാധകരും പരസ്യപ്രതിഷേധമായി രംഗത്തെത്തി. ഖത്തറിനെതിരായ വിവിധ ബാനറുകളും പോസ്റ്ററുകളും സഹിതമാണ് ബുണ്ടസ് ലീഗ ആരാധകര്‍ ശനിയാഴ്‌ച നടന്ന മത്സരങ്ങള്‍ കാണാന്‍ എത്തിയത്.
'5,760 മിനിറ്റ് ഫുട്‌ബോളിനായി 15,000 ജീവനുകള്‍, ഷെയിം ഓണ്‍ യു' എന്ന് ഏഴുതിയ ബാനറാണ് ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തിനിടെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഹെർത്ത ബെർലിൻ ആരാധകര്‍ ഉയര്‍ത്തിയത്. സമാന രീതിയില്‍ ബയേണ്‍ ആരാധകരും പ്രതിഷേധിച്ചിരുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിന്‍റെ ഹോം ഗ്രൗണ്ടില്‍ 'ബോയ്‌കോട്ട് ഖത്തർ 2022' എന്നെഴുതിയ ഒരു വലിയ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.