ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസ് ലീഗയുടെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ എയ്‌ന്‍ട്രാക്‌റ്റ് ഫ്രാങ്ക്‌ഫർട്ടിനെതിരെ ഗോള്‍ മഴ തീര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഫ്രാങ്ക്ഫർട്ട് ബയേണിനോട് കീഴടങ്ങിയത്.
ബുണ്ടസ് ലീഗ: ഫ്രാങ്ക്ഫർട്ടിനെതിരെ ബയേണിന്‍റെ ആറാട്ട് - ബുണ്ടസ് ലീഗ സീസണല്‍ ഓപ്പണറില്‍
ബുണ്ടസ് ലീഗ സീസണല്‍ ഓപ്പണറില്‍ എയ്‌ന്‍ട്രാക്‌റ്റ് ഫ്രാങ്ക്‌ഫർട്ടിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് വിജയം.
ബയേണിനായി ജമാല്‍ മുസിയാല ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജോഷ്യാ കിമ്മിച്ച്, ബെഞ്ചമിന്‍ പവാദ്, സാദിയോ മാനെ, സെര്‍ജി ഗ്‌നാബ്രി എന്നിവരും ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ കിമ്മിച്ചാണ് ബയേണിന്‍റെ ഗോള്‍ വേട്ട തുടങ്ങിയത്. തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കും മുമ്പ് നാല് ഗോളുകള്‍ കൂടി ഫ്രാങ്ക്‌ഫർട്ടിന്‍റെ വലയില്‍ കയറി.
10-ാം മിനിട്ടില്‍ പവാദ്, 29-ാം മിനിട്ടില്‍ മാനെ, 35-ാം മിനിട്ടില്‍ മുസിയാല, 43-ാം മിനിട്ടില്‍ ഗ്‌നാബ്രി എന്നിങ്ങനെയാണ് ആദ്യ പകുതിയില്‍ ബയേണിന്‍റെ ഗോള്‍ പട്ടിക ചലിച്ചത്. 64-ാം മിനിട്ടിലാണ് ഫ്രാങ്ക്‌ഫർട്ടിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്. തുടര്‍ന്ന് 83-ാം മിനിട്ടില്‍ മുസിയാല ബയേണിന്‍റെ ഗോള്‍ പട്ടിക തികച്ചു. മത്സരത്തിന്‍റെ 64 ശതമാനവും പന്ത് കൈവശം വച്ച ബയേണ്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് മത്സരം പിടിച്ചത്.