ബെംഗളൂരു: പരിക്കിൽ നിന്ന് മോചിതനായതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ട് പരിശീലനമാരംഭിച്ച് ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ. ബെംഗളൂരുവിലെ ദേശീയ അക്കാദമിയിലാണ് താരം പരിശീലനം തുടങ്ങിയത്. പരിക്ക് മൂലം ആദ്യ രണ്ട് ടെസ്റ്റുകളിൽ താരത്തിന് ഇടം നേടാൻ സാധിച്ചിരുന്നില്ല. പരീശിലനം വിജയകരമായി പൂർത്തിയാക്കിയാൽ ബുംറ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി പന്തെറിഞ്ഞേക്കും.
2022 സെപ്‌റ്റംബറിലാണ് ഇന്ത്യൻ പേസ് നിരയുടെ കരുത്തായ ബുംറ അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് താരത്തിന് നടുവേദന അനുഭവപ്പെട്ടത്. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടെ ആറ് ഓവർ മാത്രമെറിഞ്ഞ താരം പരിക്കിനെത്തുടർന്ന് ടീമിന് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ ഏഷ്യ കപ്പ്, ടി20 ലോകകപ്പ് എന്നീ വലിയ ടൂർണമെന്‍റുകളും താരത്തിന് നഷ്‌ടമായിരുന്നു.
തിരിച്ചെത്തി ജഡേജ: അതേസമയം സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തും. ഏഷ്യകപ്പിനിടെ പരിക്കേറ്റ ജഡേജ കായികക്ഷമത തെളിയിച്ചുകഴിഞ്ഞു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ജഡേജയുടെ കായികക്ഷമത പരിശോധന നടന്നത്. ഇതോടെ നാഗ്‌പൂരിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ താരം കളിക്കുമെന്നുള്ള കാര്യം ഉറപ്പായി.
ഏഷ്യകപ്പിനിടെയാണ് ജഡേജയ്‌ക്ക് കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടർന്ന് താരത്തിന് ടി20 ലോകകപ്പടക്കമുള്ള പ്രധാന ടൂർണമെന്‍റുകൾ നഷ്‌ടമായിരുന്നു. തുടര്‍ന്ന് ഏറെനാളത്തെ ചികിത്സയ്‌ക്ക് ശേഷം പരിക്കിൽ നിന്ന് മുക്‌തനായി തിരിച്ചെത്തിയ താരം രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്‌ട്രയ്‌ക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.
പരമ്പര നിർണായകം: ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് മത്സരങ്ങളിലെ ടീമിനെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9-13 തീയതികളിലായി നാഗ്‌പൂരിലാണ് ആദ്യ ടെസ്റ്റ് നടക്കുക. 17-21 തീയതികളില്‍ ഡല്‍ഹിയില്‍ രണ്ടാം മത്സരം നടക്കും. മൂന്നാം മത്സരം മാര്‍ച്ച് 1-5 തീയതികളില്‍ ധര്‍മശാലയില്‍ വച്ചും അവസാന മത്സരം അഹമ്മദാബാദില്‍ 9-13 തീയതികളിലുമായി ആണ് നടക്കുക.
ഇതിനിടെ ശ്രീലങ്കക്കെതിരായ പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായെങ്കിലും പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. പോയിന്‍റ് പട്ടികയില്‍ ഒന്നാമതുളള ഓസ്‌ട്രേലിയ ഇതിനോടകം തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തില്‍ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ആദ്യ രണ്ട് ടെസ്റ്റിനായുള്ള ഇന്ത്യൻ ടീം:രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ( വൈസ് ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌കട്ട്,