സാവോ പോളോ : 2022-ലെ ഫിഫ ലോകകപ്പില്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന ടീമായിരുന്നു ബ്രസീല്‍. എന്നാല്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ കാണാന്‍ കാനറികള്‍ക്ക് കഴിഞ്ഞിരുന്നില്ല. വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്‌ത്തിയത്. ഇപ്പോഴിതാ ഈ തോല്‍വിയുടെ ആഘാതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മധ്യനിര താരം കൂടിയായ കാസെമിറോ.
ലോകകപ്പില്‍ നിന്നുള്ള പുറത്താവല്‍ ഏറെ വേദനിപ്പിച്ചുവെന്ന് പറഞ്ഞ താരം അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരം കണ്ടിട്ടില്ലെന്നും വെളിപ്പെടുത്തി. ബ്രസീലിലെ ഒരു സ്‌പോർട്‌സ് മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാസെമിറോ ഇതേക്കുറിച്ച് സംസാരിച്ചത്.
"സത്യം പറഞ്ഞാല്‍, അര്‍ജന്‍റീന വിജയിച്ച ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനല്‍ ഞാന്‍ കണ്ടിട്ടില്ല. ടൂര്‍ണമെന്‍റില്‍ നിന്നുള്ള ഞങ്ങളുടെ പുറത്താവല്‍ വലിയ ആഘാതമായിരുന്നു. ലോകകപ്പിലെ തോല്‍വിക്ക് ശേഷം ഒരു മാസത്തോളം ഒറ്റ ഫുട്‌ബോൾ മത്സരവും ഞാന്‍ കണ്ടിട്ടില്ല. ടെലിവിഷൻ ഓണാക്കിയത് പോലുമില്ലെന്ന് വേണം പറയാന്‍. ഫുട്‌ബോളിനെക്കുറിച്ച് സംസാരിക്കുന്നതും നിര്‍ത്തിയിരുന്നു. അത്രത്തോളം വേദനയായിരുന്നു അനുഭവിച്ചത് "- കാസെമിറോ പറഞ്ഞു.
ലോകകപ്പ് വിജയത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെ ബ്രസീല്‍ താരം അഭിനന്ദിക്കുകയും ചെയ്‌തു. "എന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ലിച്ചയ്ക്കാണ്(ലിസാന്ദ്രോ മാർട്ടിനെസ്) ലോകകപ്പ് വിജയം നേടാന്‍ കഴിഞ്ഞത്. അതില്‍ ഞാന്‍ അവനെ എല്ലാ ആദരവോടെയും പ്രശംസിക്കുന്നു. എന്‍റെ സുഹൃത്തുക്കളിൽ ആരെങ്കിലും ആ കിരീടം അര്‍ഹിച്ചിരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും അവന്‍ തന്നെയാണ്" -കാസെമിറോ വ്യക്തമാക്കി.
പെലെയുടേയും മറഡോണയോയുടേയും കളി കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തന്‍റെ തലമുറയിലെ മഹാന്മാരായ മൂന്ന് താരങ്ങളുടെ കളി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. മെസിയും ക്രിസ്റ്റ്യാനോയും നെയ്മറുമാണവരെന്നും താരം പറഞ്ഞുനിര്‍ത്തി. അതേസമയം അടുത്ത ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ ഇതിനകം തന്നെ ബ്രസീല്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി ചാമ്പ്യന്‍ കോച്ച് കാർലോ ആൻസലോട്ടിയെ പരിശീലകനായി എത്തിക്കാന്‍ ബ്രസീല്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം 2024 ജൂൺ മുതല്‍ ഇതിഹാസ ഇറ്റാലിയൻ പരിശീലകൻ ബ്രസീൽ ദേശീയ ഫുട്‌ബോള്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. 64-കാരനായി കാത്തിരിക്കുന്നതിന്‍റെ ഭാഗമായി ഇടക്കാല പരിശീലകനായി ഫെർണാണ്ടോ ഡിനിസിനെ നിയമിച്ചതായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അടുത്തിടെ അറിയിച്ചിരുന്നു.
ALSO READ:WATCH: ലയണല്‍ മെസി ഫ്ലോറിഡയില്‍ പറന്നിറങ്ങി; ഇനി മേജർ ലീഗ് സോക്കർ ആവേശം
വരുന്ന സെപ്റ്റംബറിൽ 2026-ലെ ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾ തുടങ്ങാനിരിക്കെ ഒരു വർഷത്തേക്കാണ് ഫ്ലുമിനെൻസിന്‍റെ പരിശീലകനായ 49-കാരന്‍ ഫെർണാണ്ടോ ഡിനിസിന് ബ്രസീല്‍ ദേശീയ ടീമിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ ഇതിഹാസ പരിശീലകന്‍ ടിറ്റെയ്‌ക്ക് പകരക്കാരനെ കണ്ടെത്താന്‍ ഏറെ നാളായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്ന ശ്രമമാണ് കാർലോ ആൻസലോട്ടിയില്‍ എത്തി നില്‍ക്കുന്നത്.