ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തയ്യാറാവാന്‍ സൂപ്പര്‍ താരം നെയ്‌മർ സമയത്തിനെതിരെ മത്സരിക്കുകയാണെന്ന് ടീം ഡോക്‌ടര്‍ റോഡ്രിഗോ ലാസ്‌മർ. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനായി തങ്ങള്‍ക്ക് ഇനിയും സമയം ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണിനോടേറ്റ തോല്‍വിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോടാണ് റോഡ്രിഗോ ലാസ്‌മറിന്‍റെ പ്രതികരണം.
ഖത്തറില്‍ സെര്‍ബിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ പരിക്കേറ്റ നെയ്‌മറിന് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങാനായിരുന്നില്ല. സെര്‍ബിയന്‍ താരം നിക്കോള മിലെൻകോവിച്ചിന്‍റെ ടാക്ലിങ്ങിനിടെ നെയ്‌മറുടെ വലത് കണങ്കാലിനാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് പനി ബാധിച്ചതായി സഹ താരം വിനീഷ്യസ് ജൂനിയര്‍ പറഞ്ഞിരുന്നു.
ഈ മത്സരത്തില്‍ പരിക്കേറ്റ റൈറ്റ്-ബാക്ക് ഡാനിലോയ്‌ക്കും തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്‌ടമായിരുന്നു. സിറ്റ്‌സര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ അലക്‌സ് സാന്‍ഡ്രോയും നിലവില്‍ കളത്തിന് പുറത്താണ്. കാമറൂണിനെതിരായ മത്സരത്തിന് ശേഷം അലക്‌സ് ടെല്ലസും ഗബ്രിയേൽ ജെസ്യൂസും വേദനയെക്കുറിച്ച് പരാതിപ്പെട്ടതായി ലാസ്‌മർ പറഞ്ഞു.