റിയോ ഡി ജനീറോ:പരിസ്ഥിതി നിയമ ലംഘനത്തിന് ബ്രസീലിയൻ ഫുട്ബോളര്‍ നെയ്‌മര്‍ക്ക് കനത്ത പിഴ. പാരിസ്ഥിതിക ലൈസന്‍സില്ലാതെ തന്‍റെ ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മിച്ചതുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 3.3 ദശലക്ഷം ഡോളര്‍ (ഏകദേശം 27 കോടിയോളം രൂപ) ആണ് 31-കാരനായ നെയ്‌മര്‍ക്ക് പിഴ വിധിച്ചിരിക്കുന്നത്. റിയോ ഡി ജനീറോയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന തീരദേശ നഗരമായ മംഗാരതിബയിലെ പ്രാദേശിക കൗൺസിൽ നടത്തിയ അന്വേഷണത്തിലൊടുവിലാണ് നെയ്‌മര്‍ക്കെതിരായ നടപടി.
പരിസ്ഥിതി സംരക്ഷണ ചട്ടങ്ങള്‍ കര്‍ശനമായ പ്രദേശമാണ് മംഗാരതിബ. നദീജലം തടഞ്ഞ് വഴിതിരിച്ചുവിടല്‍, പരിസ്ഥിതി സംരക്ഷണ ചട്ടം ലംഘിച്ചുള്ള നിര്‍മാണം, അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്യല്‍, സസ്യങ്ങളെ നശിപ്പിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നെയ്‌മറുടെ ബംഗ്ലാവില്‍ നടന്നതായി മംഗരാതിബ ടൗണ്‍ കൗണ്‍സില്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
ഹെലിപാഡ്, സ്‌പാ, ജിം എന്നിവയുള്‍പ്പെടെ സൗകര്യങ്ങളോട് കൂടിയതാണ് നെയ്‌മറുടെ ബംഗ്ലാവ്. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു നെയ്‌മര്‍ക്ക് എതിരെ കൗൺസിലിന് പരാതി ലഭിച്ചത്. അതേസമയം കൗണ്‍സിലിന്‍റെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ നെയ്‌മര്‍ക്ക് 20 ദിവസത്തെ സാവകാശമുണ്ടെന്നാണ് വിവരം.
നെയ്‌മര്‍ക്കായി ബാഴ്‌സ:നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരമായ നെയ്‌മറെ സ്വന്തമാക്കാന്‍ താരത്തിന്‍റെ മുന്‍ ക്ലബായ എഫ്‌സി ബാഴ്‌സലോണ ശ്രമം നടത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സൂപ്പര്‍ സ്‌ട്രൈക്കര്‍ക്കായി പിഎസ്‌ജിയുമായി ബാഴ്‌സലോണ ചില കാര്യങ്ങളില്‍ ധാരണയിലെത്തിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. എന്നാല്‍ 31-കാരന്‍റെ ശമ്പളത്തിന്‍റെ കാര്യത്തില്‍ ഇരു ക്ലബുകള്‍ക്കും ധാരണയില്‍ എത്താനായിട്ടില്ലെന്നുമാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.