റിയോ ഡി ജനീറോ:ഇങ്ങനെയൊരു ബ്രസീല്‍ ഫുട്‌ബോൾ ടീമിനെ മുൻപൊരിക്കലും കണ്ടിട്ടില്ല. പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച കാല്‍പന്ത് കളിയുടെ മനോഹാരിത ആരാധകർക്ക് സമ്മാനിച്ച നിരവധി സൂപ്പർതാരങ്ങളെ ലോകത്തിന് സമ്മാനിച്ച ബ്രസീല്‍ ഇന്ന് തുടർ തോല്‍വികളില്‍ തളരുകയാണ്. ഈ വർഷം വരെ, ബ്രസീലിന്‍റെ ദേശീയ സോക്കർ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റിട്ടില്ല. ഹോം ഗ്രൗണ്ടിൽ ഒരു ലോകകപ്പ് യോഗ്യത മത്സരത്തിലും മഞ്ഞപ്പട തോല്‍വിയറിഞ്ഞിട്ടില്ല. തെക്കേ അമേരിക്കയിലെ ഏറ്റവും ദുർബലരായ വെനസ്വേലൻ ദേശീയ ടീമിനെതിരെ ബ്രസീല്‍ പരാജയമെന്തെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇതെല്ലാം ഇപ്പോൾ സംഭവിക്കുകയാണ്.
താൽക്കാലിക പരിശീലകനായ ഫെർണാണ്ടോ ദിനിസിന്, കീഴിൽ ഏറ്റവും മോശം അവസ്ഥയിലാണ് ബ്രസീല്‍ ദേശീയ ടീമിന്‍റെ ഈ വർഷം അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം അർജന്‍റീനയോട് പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ബ്രസീല്‍ കഷ്‌ടപ്പെടുകയാണ്. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും പങ്കെടുത്ത ടീമെന്ന ഖ്യാതി ബ്രസീലിന് മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെയൊരു ടീമാണ് 10 ടീമുകളുള്ള ദക്ഷിണ അമേരിക്കൻ യോഗ്യത ഗ്രൂപ്പിൽ ആറ് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴ് പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്.
ജൂലൈയിൽ ബ്രസീലിയൻ ദേശീയ ടീമിന്‍റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ 49 കാരനായ ദിനിസ് ഒരേസമയം ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിന്‍റെയും പരിശീലകനാണ്. ഇത് കടുത്ത ദേശീയ ആരാധകർക്കിടയില്‍ ചെറു പ്രതിഷേധത്തിന് കാരണമായിരുന്നു. അതോടൊപ്പം മുൻ പരിശീലകനായിരുന്ന ടിറ്റെയുടെ രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ദിനിസ്. പൊസിഷനൽ കളിയുടെ ആരാധകനല്ല ദിനിസ്. മറിച്ച് കൂട്ടായ ആക്രമണ ശൈലിയാണ് ദിനിസ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ കളിക്കളത്തില്‍ ഏത് നിമിഷവും സംഭവിക്കാവുന്ന എതിർ ടീമിന്‍റെ പ്രത്യാക്രമണത്തില്‍ ബ്രസീല്‍ ഗോൾ വഴങ്ങേണ്ടി വരും. ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെല്ലാം അത് ബ്രസീല്‍ ടീം അനുഭവിച്ചറിഞ്ഞതുമാണ്.
നിലവില്‍ ബ്രസീല്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും യൂറോപ്പിലെ വമ്പൻ ടീമുകളുടെ ഭാഗമാണ്. അതിനാല്‍ പുതിയ പരിശീലകന്‍റെ രീതികളോട് അവർക്ക് യോജിക്കാനായിട്ടില്ല എന്നതാണ് വാസ്‌തവം. അർജന്‍റീനയോട് നേരിട്ട തോല്‍വിക്ക് ശേഷം ബ്രസീലിയൻ ഡിഫൻഡർ എമേഴ്‌സൺ ഇത് പരസ്യമാക്കുകയും ചെയ്‌തു. അതോടൊപ്പം മികച്ച താരങ്ങളുടെ പരിക്കാണ് ബ്രസീലിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സൂപ്പർ താരം നെയ്‌മർ, മധ്യനിര താരം കാസെമിറോ, വിനീഷ്യസ് ജൂനിയർ എന്നിവരെല്ലാം പരിക്കിന്‍റെ പിടിയിലാണ്.
അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയ്ക്ക് ശേഷം 2024 സെപ്റ്റംബറിലാണ് ഇനിയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ഈ നീണ്ട ഇടവേളയില്‍ മികച്ച താരങ്ങൾ പരിക്കില്‍ നിന്ന് മുക്തരാകുമെന്നാണ് ടീം മാനേജ്‌മെന്‍റ് പ്രതീക്ഷിക്കുന്നത്. ബാഴ്‌സലോണയിലെത്തിയ കൗമാര താരം വിറ്റോർ റോക്ക്, അടുത്ത വർഷം റയൽ മാഡ്രിഡിൽ ചേരുന്ന കൗമാരക്കാരൻ എൻഡ്രിക്ക് തുടങ്ങിയവർ കൂടിയെത്തുന്നതോടെ ബ്രസീല്‍ ടീം ശക്തമാകുമെന്നാണ് ആരാധകർ കരുതുന്നത്. അതോടൊപ്പം നിലവില്‍ റയല്‍ മാഡ്രിഡ് ടീമിന്‍റെ പരിശീലകനായ കാർലോ ആൻസലോട്ടിയുടെ വരവ് കാത്തിരിക്കുകയാണ് അഞ്ച് തവണ ലോകകിരീടം നേടിയ ലാറ്റിനമേരിക്കൻ ഫുട്‌ബോൾ സൗന്ദര്യമായ ബ്രസീല്‍.