ആംസ്റ്റര്‍ഡാം: സ്‌പില്‍ബര്‍ഗിലെ റെഡ്‌ബുള്‍ അരീനയിലെ റേസ് ട്രാക്കിന് തീ പിടിക്കുന്നതിന് മുമ്പ് ശ്രദ്ധാകേന്ദ്രമാവുകയാണ് മേഴ്‌സിഡസിന്‍റെ വള്‍ട്ടേരി ബോട്ടാസ്. പിറ്റ് ലൈനിലെ സ്‌പിന്നാണ് ബോട്ടാസിന് വിനയായത്. റേസ് ടാട്രാക്കില്‍ നിന്നും പിറ്റ്‌ലൈനിലെത്തിയ ശേഷമാണ് ബോട്ടാസിന്‍റെ കാര്‍ വട്ടം കറങ്ങിയത്.
പോഡിയം ഫിനിഷിന് വേണ്ടി ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ എഫ് വണ്‍ ബോട്ടാസിന് മൂന്ന് സ്ഥാനം പിഴയിട്ടു. ഇതോടെ ഞായറാഴ്‌ചത്തെ ഗ്രാന്‍ഡ് പ്രീയില്‍ ബോട്ടാസിന് നാലാം സ്ഥാനത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല.
റെഡ്‌ബുള്‍ അരീനയില്‍ ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സംഭവം. ബോട്ടാസിന്‍റെ കണക്ക് കൂട്ടലിലെ പിഴവാണ് സ്‌പിന്നിന് കാരണമെന്നാണ് മേഴ്‌സിഡസിന്‍റെ വിശദീകരണം. ഏതായാലും ബോട്ടാസിന്‍റെ സ്‌പിന്‍ എഫ് വണ്‍ സര്‍ക്കിളില്‍ വൈറലായി കഴിഞ്ഞു.
സ്‌പിന്നും അമിത വേഗതയും കാരണം മക്‌ലാരന്‍റെ പിറ്റ് സ്‌റ്റോപ്പിലാണ് കാര്‍ ചെന്ന് നിന്നത്. അപകടമില്ലാതായത് ഭാഗ്യം കൊണ്ട് മാത്രമാണ്. മക്‌ലാരന്‍റെ ടീം അംഗങ്ങള്‍ ചേര്‍ന്നാണ് പിന്നീട് കാര്‍ പിറ്റ് ലൈനില്‍ നിന്നും മാറ്റിയത്. മേഴ്‌സിഡസിന്‍റെ പിറ്റ് ലൈനിലെത്തി റേസ് ട്രാക്കിലേക്ക് തിരിച്ച് പോകുന്ന വഴിയായിരുന്നു സംഭവം.
മേഴ്‌സിഡസിന് തിരിച്ചടിയാകും
ഫോര്‍മുല വണ്‍ റേസ് ട്രാക്കില്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടം ലക്ഷ്യമിട്ട് മുന്നേറുന്ന മേഴ്‌സിഡസിന്‍റെ തന്നെ ലൂയിസ് ഹാമില്‍ട്ടണ്‍ ഉള്‍പ്പെടെയാണ് ഇന്ന് പോഡിയം ഫിനിഷിനായി ട്രാക്കിലേക്ക് എത്തുന്നത്. റെഡ്‌ബുള്ളിന്‍റെ മാക്‌സ് വെര്‍സ്‌തപ്പാനും മെക്‌സിക്കന്‍ ഡ്രൈവര്‍ സെര്‍ജിയോ പെരസും ഉള്‍പ്പെടെ വാശിയോടെ പോരാടുമ്പോള്‍ ബോട്ടാസിന്‍റെ അഭാവം ഹാമില്‍ട്ടണ് തിരിച്ചടിയാകും. ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയിലെ ജയത്തോടെ എഫ് വണ്‍ പോയിന്‍റ് പട്ടികയില്‍ ഹാമില്‍ട്ടണെക്കാള്‍ 12 പോയിന്‍റ് മുന്‍തൂക്കവുമായി വെര്‍സ്‌തപ്പാന്‍ ഒന്നാം സ്ഥനത്താണ്.
ഹാമില്‍ട്ടണ്‍ നേരിടുന്ന വമ്പന്‍ പോരാട്ടം
രണ്ടാം സ്ഥാനത്തുള്ള ഹാമില്‍ട്ടണ്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നേരിടുന്നത്. ഇതിനകം നടന്ന ഏഴ് ഗ്രാന്‍ഡ് പ്രീകളില്‍ മൂന്നെണ്ണം വീതം ഹാമില്‍ട്ടണും മാക്‌സ് വെര്‍സ്‌തപ്പാനും സ്വന്തമാക്കി. ഹാമില്‍ട്ടണെക്കാള്‍ കൂടുതല്‍ പോഡിയം ഫിനിഷുകള്‍ നേടിയതോടെയാണ് വെര്‍സ്‌തപ്പാന്‍ മുന്നിലെത്തിയത്. ബോട്ടാസിന് പിഴ വീണത് മേഴ്‌സിഡസിന്‍റെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്കും വെല്ലുവിളിയാകും. മേഴ്‌സിഡസും റെഡ്‌ബുള്ളും തമ്മിലാണ് ഇത്തവണ ഗ്രാന്‍ഡ് പ്രീകളില്‍ വമ്പന്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്.