പാരീസ്: 2015ലെ വിംബിൾഡണിന് ശേഷം ആദ്യ ഗ്രാൻഡ്‌സ്ലാം സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തിലാണ് ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയുറപ്പിച്ചത്. ബ്രിട്ടീഷ് - ഫിന്‍ലന്‍റ് സഖ്യത്തെ തോല്‍പ്പിച്ചാണ് 42കാരനായ ബൊപ്പണ്ണയുടേയും 38കാരനായ പങ്കാളിയുടേയും മുന്നേറ്റം.
ഏഴ് വര്‍ഷത്തിന് ശേഷം ബൊപ്പണ്ണയ്‌ക്ക് ആദ്യ ഗ്രാൻഡ്‌സ്ലാം സെമി ഫൈനല്‍ - രോഹന്‍ ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ പുരുഷ വിഭാഗം ഡബിള്‍സ് മത്സരത്തിലാണ് ബൊപ്പണ്ണയും ഡച്ച് പങ്കാളി മാത്‌വെ മിഡെല്‍കൂപ്പും സെമിയുറപ്പിച്ചത്.
രണ്ട് മണിക്കൂറിലധികം നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍-ഡച്ച് സഖ്യം ജയിച്ച് കയറിയത്. സ്‌കോര്‍: 4-6, 6-4, 7-6(3). 2015 വിംബിള്‍ഡണിലായിരുന്നു ഇതിന് മുന്‍പ് ബൊപ്പണ്ണ ഒരു മേജര്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍ കളിച്ചത്. അന്ന് റൊമാനിയയുടെ ഫ്‌ളോറിൻ മെർഗിയയ്‌ക്കൊപ്പം കളിക്കാനിറങ്ങിയ താരം പരാജയപ്പെടുകയായിരുന്നു.
അതേസമയം ഫ്രഞ്ച് ഓപ്പണില്‍ പുരുഷ ഡബിള്‍സില്‍ ഇതാദ്യമായിട്ടാണ് താരം സെമിയിലെത്തുന്നത്. സെമിയില്‍ 12ാം സീഡായ എൽ സാൽവഡോറിന്‍റെ മാഴ്‌സെലോ അരെവാലോയെയും നെതർലൻഡ്‌സിന്‍റെ ജീൻ ജൂലിയൻ റോജറെയുമാണ് ഇന്ത്യന്‍-ഡച്ച് സഖ്യത്തിന്‍റെ എതിരാളികള്‍.