ബീജിങ്: ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച് ഒളിമ്പ്യന്‍ സിഎ ഭവാനി ദേവി. വനിതകളുടെ സാബ്രെ ഇനത്തില്‍ വെങ്കലമാണ് ഭവാനി ദേവി സ്വന്തമാക്കിയത്. ചൈനയിലെ വുക്സിയില്‍ നടന്ന ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യന്‍ താരത്തിന്‍റെ അഭിമാന നേട്ടം.
ക്വാർട്ടർ ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യനായ ജപ്പാന്‍റെ മിസാകി എമുറയെ തോല്‍പ്പിച്ചതോടെയാണ് 29-കാരിയായ ഇന്ത്യന്‍ താരത്തിന് മെഡല്‍ ഉറപ്പിക്കാന്‍ കഴിഞ്ഞത്. കടുത്ത പോരാട്ടം നടന്ന മത്സരത്തില്‍ 15-10 എന്ന സ്‌കോറിനായിരുന്ന മിസാകി എമുറയെ ഭവാനി ദേവി തോല്‍പ്പിച്ചത്. ജപ്പാന്‍ താരത്തിനെതിരെ ഭവാനി ദേവിയുടെ ആദ്യ വിജയമാണിത്. 2022-ൽ കെയ്‌റോയിൽ നടന്ന ലോക ഫെൻസിങ് ചാമ്പ്യൻഷിപ്പിലായിരുന്നു മിസാകിയുടെ സ്വർണ മെഡൽ നേട്ടം.
എന്നാല്‍ സെമി ഫൈനല്‍ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെയാണ് ഭവാനി ദേവിയുടെ നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. ഉസ്ബെക്കിസ്ഥാന്‍റെ സൈനബ് ദയിബെക്കോവയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ 15-14 എന്ന സ്‌കോറിനാണ് 29-കാരിയായ ഭവാനി ദേവിയ്‌ക്ക് മത്സരം നഷ്‌ടമായത്.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ഇന്ത്യന്‍ താരം രണ്ടാം റൗണ്ടില്‍ കസാക്കിസ്ഥാന്‍റെ ഡോസ്‌പേ കരീനയെയായിരുന്നു പരാജയപ്പെടുത്തിയത്. തുടര്‍ന്ന് പ്രീക്വാർട്ടറിൽ മൂന്നാം സീഡായ ഒസാകി സെറിയെ 15-11 എന്ന സ്‌കോറിന് വീഴ്‌ത്തിയാണ് ക്വാർട്ടർ ഫൈനലില്‍ മിസാകി എമുറയേയും ഭവാനി ദേവി അട്ടിമറിച്ചത്.
അഭിമാനകരമായ നേട്ടം:ഭവാനിയുടെ ചരിത്ര നേട്ടത്തെ ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത അഭിനന്ദിച്ചു."ഇന്ത്യൻ ഫെൻസിങ്ങിന് ഇത് വളരെ അഭിമാനകരമായ ദിവസമാണ്. മുമ്പ് ആർക്കും കഴിയാത്ത നേട്ടമാണ് ഭവാനി ദേവി സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി.
രാജ്യത്തെ മുഴുവൻ ഫെൻസിങ് ഫ്രറ്റേണിറ്റിയുടെ പേരിലും ഞാൻ അവളെ അഭിനന്ദിക്കുന്നു"- രാജീവ് മേത്ത വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. സെമിഫൈനലിൽ തോല്‍വി വഴങ്ങിയെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.
വെറും ഒരു പോയിന്‍റിനാണ് അവള്‍ പിന്നിലായത്. അതിനാൽ ഇതൊരു വലിയ പുരോഗതിയാണെന്നും രാജീവ് മേത്ത കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറാണ് ഭവാനി ദേവി. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു.
കേരളത്തിനും അഭിമാനിക്കാം: ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിലെ ഭവാനി ദേവിയുടെ നേട്ടത്തില്‍ കേരളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്. സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിലാണ് ഭവാനി ദേവി പയറ്റിത്തെളിഞ്ഞത്. തലശ്ശേരി ഗവണ്‍മന്‍റ് ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലും ബ്രണ്ണൻ കോളജിലുമായായണ് താരം പഠനം പൂര്‍ത്തിയാക്കിയത്. ചെന്നൈ സ്വദേശിയായ സി. ആനന്ദസുന്ദര രാമന്‍റെയും രമണിയുടെയും മകളാണ് ഭവാനി ദേവി.
ALSO READ: 'ഇന്ത്യന്‍ ടീമില്‍ സുഹൃത്തുക്കളില്ല, എല്ലാവരും സഹപ്രവര്‍ത്തകര്‍ മാത്രം' ; തുറന്നടിച്ച് ആര്‍ അശ്വിന്‍