ചെന്നൈ: ഇന്ത്യയുടെ 76-ാമത് ഗ്രാന്‍ഡ്‌മാസ്‌റ്ററായി ബെംഗളൂരുവില്‍ നിന്നുള്ള 15വയസുകാരന്‍ പ്രണവ് ആനന്ദ്. റൊമാനിയയില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 2500 ഈലോ മാര്‍ക്ക് പിന്നിട്ടതോടെയാണ് പ്രണവ് ആനന്ദിന്‍റെ നേട്ടം. മൂന്ന് ജിഎം നോര്‍മും ലൈവ് ഇലോ റേറ്റിങ്ങില്‍ 2500 മാര്‍ക്കും പിന്നിട്ടാലാണ് ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി ലഭിക്കുക.
15 വയസുകാരന്‍ പ്രണവ് ആനന്ദ് ഇന്ത്യയുടെ 76-ാമത് ഗ്രാന്‍ഡ്‌മാസ്‌റ്റര്‍ - World Youth Chess Championship
റൊമാനിയയില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 2500 ഈലോ മാര്‍ക്ക് പിന്നിട്ടതോടെയാണ് പ്രണവ് ആനന്ദ് ഗ്രാന്‍ഡ്‌മാസ്‌റ്ററായത്.
കഴിഞ്ഞ ജൂലൈയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ബീല്‍ ചെസ് ഫെസ്റ്റിവലില്‍ പ്രണവ് ആനന്ദ് മൂന്നാം ജിഎം നോം നേടിയിരുന്നു. സ്‌പെയ്‌നിന്‍റെ ഒന്നാം നമ്പര്‍ ഗ്രാന്‍ഡ്‌മാസ്‌റ്റര്‍ എഡ്‌വാര്‍ദോ, ഫ്രാന്‍സിന്‍റെ മാക്‌സീം ലഗാര്‍ഡി, ഗ്രാന്‍ഡ്‌മാസ്റ്റര്‍ എസ്‌പി സേതുരാമന്‍ എന്നിവരെയാണ് താരം ബീല്‍ ചെസ് ഫെസ്റ്റിവലില്‍ തോല്‍പ്പിച്ചത്. സിറ്റ്‌ജസ് ഓപ്പൺ (2022 ജനുവരിയിൽ), വെസെർകെപ്‌സോ ജിഎം റൗണ്ട് റോബിൻ (മാർച്ച് 2022) ടൂർണമെന്‍റുകളിലാണ് താരം ആദ്യ രണ്ട് ജിഎം നോര്‍മും നേടിയത്.
ചെസ്സിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പ്രണവിനെ പ്രസ്‌തുത നേട്ടത്തിന് അര്‍ഹനാക്കിയതെന്ന് പരിശീലകന്‍ വി ശരവണൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധി തീര്‍ത്തില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി താരത്തിന് ലഭ്യമാകുമായിരുന്നുവെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.