ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്നുള്ള ബെല്‍ജിയത്തിന്‍റെ പുറത്താവലിന് പിന്നാലെ ടീം വിടുന്നതായി പ്രഖ്യാപിച്ച് കോച്ച് റോബർട്ടോ മാർട്ടിനസ്. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തിന് തിരിച്ചടിയായത്. ദേശീയ ടീമിനൊപ്പമുള്ള തന്‍റെ അവസാന മത്സരമായിരുന്നു ഇതെന്ന് പറഞ്ഞ മാർട്ടിനസ് തനിക്ക് തുടരാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.
മത്സര ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് 49കാരനായ മാർട്ടിനസ് ഇക്കാര്യം അറിയിച്ചത്. ഇത് തന്‍റെ അവസാനത്തെ മത്സരമാണെന്ന് അംഗീകരിക്കേണ്ട സമയമാണിത്. ഈ ലോകകപ്പിന് ശേഷം ടീം വിടാന്‍ താന്‍ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.
തങ്ങള്‍ ലോക ചാമ്പ്യന്മാരായാലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയാലും ഇതായിരുന്നു തീരുമാനം. താന്‍ രാജി വയ്‌ക്കുകയല്ല. ടൂര്‍ണമെന്‍റോടെ തന്‍റെ കരാര്‍ അവസാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ലാണ് മാര്‍ട്ടിനസ് ബെല്‍ജിയത്തിന്‍റെ ചുമതലയേറ്റെടുക്കുന്നത്. 2018ലെ റഷ്യന്‍ ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്കും കഴിഞ്ഞ വർഷത്തെ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്കും ബെൽജിയത്തെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഈ പ്രകടനം ഖത്തറില്‍ ആവര്‍ത്തിക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞില്ല.
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫിന്‍റെ ഭാഗമായിരുന്ന ബെല്‍ജിയത്തിന് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. നേരത്തെ കാനഡയ്‌ക്കെതിരായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ച സംഘം മൊറോക്കോയ്‌ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റാണ് ബെല്‍ജിയത്തിന്‍റെ സമ്പാദ്യം.
ഏഴ് പോയിന്‍റുമായി മൊറോക്കയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. അഞ്ച് പോയിന്‍റുള്ള ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
Also read:ബെൽജിയത്തിന് മടങ്ങാം ; ഗ്രൂപ്പ് എഫിൽ നിന്ന് പ്രീക്വാർട്ടർ ടിക്കറ്റെടുത്ത് മൊറോക്കോയും ക്രൊയേഷ്യയും