ബ്രസൽസ്: യുവേഫ നാഷൻസ് ലീഗിൽ പോളണ്ടിനെ ഗോളിൽ മുക്കി ബെൽജിയം. ഒന്നിനെതിരെ ആറ് ഗോളുകളാണ് പോളണ്ടിനെതിരെ ബെൽജിയം അടിച്ചുകൂട്ടിയത്. മറ്റൊരു മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ വെയിൽസിനെ ഹോളണ്ട് മറികടന്നു.
28-ാം മിനിറ്റിൽ സെബാസ്റ്റ്യൻ സെയ്‌നിസാകിയുടെ പാസിൽ നിന്നും റോബർട്ട് ലെവൻഡോസ്‌കിയുടെ ഗോളിൽ പോളണ്ടാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി തീരാൻ മൂന്ന് മിനിറ്റ് ബാക്കിയുള്ളപ്പോൾ അലക്‌സ് വിറ്റ്‌സലിലൂടെ ബെൽജിയം ഒപ്പമെത്തി. ടിമോത്തി കാസ്റ്റാഗ്നയുടെ പാസിൽ നിന്നും ബോക്‌സിന് വെളിയിൽ നിന്നുള്ള ഷോട്ടിലാണ് വിറ്റ്‌സൽ ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ബെൽജിയത്തിന്‍റെ സമഗ്രാധിപത്യത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 59-ാം മിനിറ്റിൽ എഡൻ ഹസാർഡിന്‍റെ പാസിൽ നിന്ന് കെവിൻ ഡിബ്രുയിനെ ബെൽജിയത്തെ മുന്നിൽ എത്തിച്ചു. പിന്നീട് ഹസാർഡിന് പകരമെത്തിയ ലിയാൻഡ്രോ ട്രോസാർഡിന്‍റെ ഊഴമായിരുന്നു.
73-ാം മിനിറ്റിൽ മിച്ചി ബാറ്റ്‌ഷ്വായിയുടെ പാസിൽ നിന്ന് ട്രോസാർഡ് ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് 80-ാം മിനിറ്റിൽ യാനിക് കരാസ്‌കോയുടെ കോർണറിൽ നിന്ന് കിടിലൻ ഷോട്ടിലൂടെ ട്രോസാർഡ് തന്‍റെ രണ്ടാം ഗോൾ സ്വന്തമാക്കി. മൂന്ന് മിനിറ്റിനകം ലിയാണ്ടർ ഡെൻന്റോക്കർ ബെൽജിയത്തിന്‍റെ അഞ്ചാം ഗോളും നേടി.