മ്യൂണിക് : യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വെന്നിക്കൊടി പാറിച്ച് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബയേണിന്‍റെ വിജയം. ഈ സീസണില്‍ ആറ് മത്സരങ്ങള്‍ക്ക് ഇടയിൽ യുണൈറ്റഡിന്‍റെ നാലാം തോൽവിയാണിത് (Bayern Munich defeated Manchester United).
ബയേണിനായി ലിറോയ് സാനെ, സെർജി ഗ്നാബ്രി, ഹാരി കെയ്‌ൻ, മാറ്റിസ് ടെൽ എന്നിവരാണ് ഗോൾ നേടിയത്. പ്രീമിയർ ലീഗ് വമ്പൻമാർക്കായി കസെമിറോ ഇരട്ടഗോൾ നേടിയപ്പോൾ, യുവതാരം റാസ്‌മസ് ഹോയ്‌ലണ്ടിന്‍റെ വകയായിരുന്നു മൂന്നാം ഗോൾ.
ബയേണിന്‍റെ മൈതാനത്ത് മികച്ച രീതിയിൽ തുടങ്ങിയ യുണൈറ്റഡ് നാലാം മിനിറ്റിൽ തന്നെ ഗോളിനടുത്തെത്തി. പന്തുമായി ബയേൺ ബോക്‌സിലേക്കെത്തിയ ഫകുണ്ടോ പെലിസ്ട്രിയിൽ നൽകിയ പാസിൽ നിന്ന് എറിക്‌സൺ ഷോട്ട് ഉതിർത്തു. എന്നാൽ നിർണായകമായ സേവിലൂടെ ഗോൾകീപ്പർ ഉൾറിച്ച് ബയേണിന്‍റെ രക്ഷയ്‌ക്കെത്തി.
മത്സരത്തിന്‍റെ അരമണിക്കൂറോളം മികച്ച പ്രകടനം നടത്തിയ യുണൈറ്റഡ് 28-ാം മിനിറ്റിലാണ് ആദ്യ ഗോൾ വഴങ്ങിയത്. ഹാരി കെയ്‌ൻ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ലിറോയ് സാനെ ബയേണിനെ മുന്നില്‍ എത്തിച്ചു. അനായാസം സേവ് ചെയ്യാമായിരുന്ന സാനെയുടെ ഷോട്ട് യുണൈറ്റഡ് ഗോൾകീപ്പർ ഒനാനയുടെ പിഴവില്‍ നിന്നാണ് ഗോളായി മാറിയത്. ഈ ഗോൾ പിറന്ന് നാല് മിനിറ്റിനകം ബയേൺ ലീഡ് ഇരട്ടിയാക്കി. ജമാൽ മുസിയാലയുടെ പാസില്‍ നിന്ന് സെർജി ഗ്നാബ്രിയാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ യുവതാരം റാസ്‌മസ് ഹോയ്‌ലണ്ടിലൂടെ യുണൈറ്റഡ് ആദ്യ ഗോൾ മടക്കി പ്രതീക്ഷ നൽകി. മാർകസ് റാഷ്‌ഫോർഡ് നൽകിയ പാസിൽ നിന്നാണ് ഡാനിഷ് യുവതാരം വലകുലുക്കിയത്. മാഞ്ചസ്റ്റർ കുപ്പായത്തിൽ ഹോയ്‌ലണ്ടിന്‍റെ ആദ്യ ഗോളായിരുന്നുവിത്.
എന്നാൽ ഈ ഗോളിന്‍റെ ആഘോഷം തീരുന്നതിന് മുമ്പ് തന്നെ 53-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ബയേൺ അടുത്ത പ്രഹരമേൽപിച്ചു. കൗണ്ടർ അറ്റാക്കിൽ നിന്ന് ബയേൺ താരത്തിന്‍റെ ക്രോസ് തടയുന്നതിനിടെ എറിക്‌സന്‍റെ കയ്യിൽ പന്തുതട്ടിയതോടെ ബയേണിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഹാരി കെയ്‌ൻ യുണൈറ്റഡിന്‍റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി.
പരാജയം ഉറപ്പിച്ച സമയത്താണ് 88-ാം മിനിറ്റിൽ കസെമിറോയിലൂടെ യുണൈറ്റഡ് രണ്ടാം ഗോൾ നേടിയത്. പിന്നാലെ മാതിസ് ടെൽ നേടിയ ഗോളിലൂടെ ബയേൺ ജയമുറപ്പിച്ചു. ഇഞ്ച്വറി സമയത്തിന്‍റെ അവസാന നിമിഷം ഗർണാച്ചോയെ വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ നിന്ന് ഹെഡറിലൂടെ കസെമിറോ ഒരു ഗോൾ കൂടെ മടക്കിയെങ്കിലും സമയം അതിക്രമിച്ചിരുന്നു. ഗോളിന് പിന്നാലെ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ബയേൺ ജയവും മൂന്ന് പോയിന്‍റും സ്വന്തമാക്കി.