ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളുമായുളുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സൂപ്പര്‍ താരം സാദിയോ മാനെ. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിലേക്കാണ് മാനെ കൂടുമാറുന്നത്. സെനഗല്‍ സൂപ്പര്‍ താരത്തിനായി മൂന്ന് വര്‍ഷക്കരാറില്‍ 41 മില്യണ്‍ പൗണ്ടിന് ലിവര്‍പൂളും ബയേണും ധാരണയായതായി അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.
2016ല്‍ സതാംപ്ടണില്‍ നിന്നും ലിവര്‍പൂളിലെത്തിയ മാനെ ക്ലബിന്‍റെ 2019 മുതലുള്ള കിരീട നേട്ടങ്ങളില്‍ നിര്‍ണായകമാണ്. ലിവര്‍പൂളിനൊപ്പം ക്ലബ് വേള്‍ഡ് കപ്പ്, ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്‌എ കപ്പ് , ലീഗ് കപ്പ് എന്നീ കിരീടങ്ങളുയര്‍ത്താന്‍ 30കാരനായ മാനെയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോടേറ്റ തോല്‍വിക്ക് പിന്നാലെ ലിവര്‍പൂള്‍ വിടാനുള്ള ആഗ്രഹം താരം പരസ്യമാക്കിയിരുന്നു. ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മത്സരങ്ങളില്‍ 120 ഗോളുകള്‍ നേടിയ മാനേ 48 അസിസ്റ്റുകളും നല്‍കി.