ബെര്‍ലിന്‍ : ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ക്രിസ്റ്റ്യാനോ തങ്ങളുടെ പദ്ധതിയില്‍ ഇല്ലെന്ന് ബയേണ്‍ ഡയറക്ടര്‍ ഹസന്‍ സാലിഹ്‌മിജിക് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു.
'എനിക്ക് ക്രിസ്റ്റ്യാനോയുടെ കരിയറിനോടും വിജയങ്ങളോടും അങ്ങേയറ്റത്തെ ആദരവുണ്ട്. എന്നാല്‍ ഒരിക്കല്‍ക്കൂടി പറയട്ടെ, അത് ഞങ്ങളുടെ വിഷയമല്ല, വിഷയമായിരുന്നില്ല'- സാലിഹ്‌മിജിക് സ്‌പോര്‍ട്‌സ് വണ്ണിനോട് പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്‌തു.
ക്രിസ്റ്റ്യാനോയ്ക്കായി ഒന്നിലേറെ തവണ ഏജന്‍റ് ജോര്‍ജെ മെന്‍ഡിസ് ബയേണിനെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഴ്‌സയിലേക്ക് ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തുന്ന പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയ്‌ക്ക് പകരക്കാരനാവാനാണ് പോര്‍ച്ചുഗീസ് താരത്തിന്‍റെ ശ്രമം.