പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ ആദ്യ പാദ മത്സരത്തിൽ താരസമ്പന്നമായ പിഎസ്‌ജിയെ കീഴടക്കി ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്. പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബയേണിന്‍റെ വിജയം. 53-ാം മിനുട്ടിൽ കിങ്‌സിലി കോമാൻ നേടിയ ഗോളാണ് പിഎസ്‌ജിക്കെതിരെ ബവേറിയൻസിന് നിർണായക ജയം സമ്മാനിച്ചത്.
സൂപ്പർ താരങ്ങളായ ലയണൽ മെസി, നെയ്‌മർ ജൂനിയർ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പിഎസ്‌ജി ഇറങ്ങിയത്. പരിക്കിൽ നിന്നും മുക്തനായ കിലിയൻ എംബാപ്പെ ആദ്യ പകുതിയിൽ കളത്തിലിറങ്ങിയില്ല. പാരിസിൽ ബയേണിന്‍റെ മേധാവിത്വമായിരുന്നു കാണാനായത്. പിഎസ്‌ജി ബോക്‌സിലേക്ക് നിരന്തരം ആക്രമണം നയിച്ച ബയേൺ പലപ്പോഴും ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങിലെ പോരായ്‌മ വിനയായി. ബയേണിന്‍റെ നിരന്തരമായ മുന്നേറ്റങ്ങൾക്കിടയിൽ കൗണ്ടർ അറ്റാക്കിലൂടെയാണ് പിഎസ്‌ജി തിരിച്ചടികൾ നൽകിയത്.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്താർജിച്ച ബയേണിനെയാണ് മൈതാനത്ത് കണ്ടത്. അതിന്‍റെ ഫലമായി മത്സരത്തിന്‍റെ 53-ാം മിനുട്ടിൽ ബയേൺ ലീഡെടുത്തു. കിങ്‌സിലെ കോമാനാണ് ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്നും അൽഫോസോ ഡേവിസ് നൽകിയ ക്രേസ് ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതിരുന്ന കോമാനിലേക്ക്. പന്ത് നിലം തൊടും മുൻപ് തന്നെ കോമാൻ ഉതിർത്ത ഷോട്ട് ഗോൾകീപ്പർ ഡൊണറുമ്മയെ കീഴടക്കി വലയിലേക്ക്..
ഗോൾ വഴങ്ങിയതിന് പിന്നാലെ എംബാപ്പെയെ കളത്തിലിറക്കിയ പിഎസ്‌ജി മുന്നേറ്റത്തിന്‍റെ കരുത്ത് കൂട്ടി. ഗോൾകീപ്പർ ഡൊണറുമ്മയുടെ മികച്ച സേവുകളാണ് തുടർന്നും പിഎസ്‌ജി ബോക്‌സിലേക്ക് ഇരച്ചെത്തിയ ബയേണിന്‍റെ ഗോൾ ശ്രമങ്ങൾക്ക് മുന്നിൽ വിലങ്ങുതടിയായത്. 72, 82 മിനിട്ടുകളിൽ എംബാപ്പെ ഗോൾ നേടിയെങ്കിലും രണ്ട് തവണയും വാർ വില്ലനായി.
92-ാം മിനുട്ടിൽ മാർകോ വെറാറ്റിയെ വീഴ്‌ത്തിയതിൽ ബയേൺ പ്രതിരോധ താരം ബെഞ്ചമിൻ പവാർഡ് ചുവപ്പ് കാർഡുമായി കളംവിട്ടു. ഇതോടെ മ്യൂണിക്കിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ പവാർഡിന് കളിക്കാനാകില്ല. പ്രതിരോധത്തിൽ പവാർഡിന്‍റെ അസാന്നിധ്യം ബയേണിന് തിരിച്ചടിയായേക്കും. മാർച്ച് ഒൻപതിനാണ് രണ്ടാം പാദ മത്സരം. ബയേണിന്‍റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമെ പിഎസ്‌ജിക്ക് അവസാന എട്ടിൽ ഇടം നേടാനാകു. സീസണിൽ പിഎസ്‌ജിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
സാൻസിറോയിൽ ടോട്ടനത്തിന് കാലിടറി; ചാമ്പ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എസി മിലാന് ജയം. സ്വന്തം മൈതാനത്ത് ടോട്ടൻഹാം ഹോട്‌സ്‌പറിനെ നേരിട്ട മിലാൻ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ജയിച്ചുകയറിയത്. മത്സരത്തിന്‍റെ ഏഴാം മിനുട്ടിൽ തന്നെ എസി മിലാൻ മുന്നിലെത്തി. ബോക്‌സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ ഹെഡറിലൂടെ ബ്രാഹിം ഡിയാസാണ് ലക്ഷ്യം കണ്ടത്. ഇരട്ട സേവുകളിലൂടെ ഡിയാസിന്‍റെയും ഹെർണാണ്ടസിന്‍റെയും ഷോട്ടുകൾ രക്ഷപ്പെടുത്തിയ ഗോൾകീപ്പർ ഫോസ്റ്ററിന് മൂന്നാം ശ്രമത്തിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.
ഇതോടെ 10 വർഷത്തിന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിൽ എസി മിലാന് ജയം സ്വന്തമാക്കാനായി. 2014ന് ശേഷം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ മിലാന്‍റെ ആദ്യ മത്സരമായിരുന്നു സാൻ സിറോയിൽ നടന്നത്. ഇതോടെ സ്‌പേഴ്‌സിന്‍റെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിൽ കൂടുതൽ ആത്മവിശ്വാസത്തോടെ ഇറങ്ങാനുമാകും മിലാന്.