ബതിന്ഡ(പഞ്ചാബ്): ബ്രസീലിൽ നടന്നുകൊണ്ടിരിക്കുന്ന 24-ാമത് ഡെഫ്ലിംപിക്‌സ് ബാഡ്‌മിന്‍റണിൽ സ്വർണം നേടി രാജ്യത്തിന് അഭിമാനമായി ശ്രേയ സിംഗ്ല. ഒരു ഗ്രൂപ്പ് ഇവന്‍റിന്‍റെ ഫൈനലിൽ ജപ്പാനെ തോൽപ്പിച്ചാണ് ശ്രേയയുടെ മെഡൽ നേട്ടം. ഇതോടെ ഡെഫ്ലിംപിക്‌സിൽ സ്വര്‍ണമെഡല്‍ നേടുന്ന പഞ്ചാബില്‍ നിന്നുള്ള ആദ്യ വനിത താരമാവാനും ശ്രേയയ്‌ക്ക് കഴിഞ്ഞു.
മെഡല്‍ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് ശ്രേയ പ്രതികരിച്ചു. "ഇത് എന്‍റെ ആദ്യത്തെ ഡെഫ്ലിംപിക്‌സായിരുന്നു. ഞാൻ കഠിനാധ്വാനം ചെയ്യുകയും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു,
പക്ഷേ എന്‍റെ മാതാപിതാക്കൾ എന്നെ പിന്തുണച്ചു. എന്‍റെ പരിശീലകനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡെഫ്ലിംപിക്‌സിൽ വ്യക്തിഗത മെഡലും, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും ഒരു മെഡൽ നേടണം." ശ്രേയ പറഞ്ഞു.