ബാഴ്‌സലോണ : തകർപ്പൻ ജയത്തോടെ ചാമ്പ്യൻസ് ലീഗ് സീസണിന് തുടക്കം കുറിച്ച് സ്‌പാനിഷ് വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണ (Barcelona vs Antwerp). സ്വന്തം തട്ടകത്തില്‍ ബെല്‍ജിയൻ ലീഗ് ജേതാക്കളായ റോയല്‍ ആന്‍റ്വർപ്പിനെ നേരിട്ട ബാഴ്‌സലോണ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ജയിച്ചുകയറിയത് (Barcelona beat Royal Antwerp FC). ഇരട്ട ഗോളുമായി ജോ ഫെലിക്‌സ് ബാഴ്‌സ കുപ്പായത്തിലെ മിന്നും പ്രകടനം തുടർന്നപ്പോൾ റോബർട്ട് ലെവൻഡോവ്‌സ്‌കി, ഗാവി എന്നിവര്‍ ഗോൾ നേടി. ഒരു ഗോൾ ആന്‍റ്വർപ്പ് താരത്തിന്‍റെ സെൽഫ് ഗോളായിരുന്നു. ലാലിഗയിലെ അവസാന മത്സരത്തിൽ റയൽ ബെറ്റിസിനെ തോൽപിച്ച ആത്മവിശ്വാസവുമായി എത്തിയ ബാഴ്‌സലോണ മിന്നും പ്രകടനമാണ് പുറത്തെടുത്തത്.
താരതമ്യേന ദുർബലരായ എതിരാളികളായിട്ടും ശക്തമായ ടീമിനെ തന്നെയാണ് ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സാവി കളത്തിലിറക്കിയത്. ഡിഫൻസീവ് മിഡ്‌ഫീൽഡർ റൊമേയുവിനെ പുറത്തിരുത്തിയ സാവി റാഫിഞ്ഞയെയും ഗുണ്ടോഗനെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി. റയൽ ബെറ്റിസിനെതിരെ മികച്ച പ്രകടനം നടത്തിയ ഫെലിക്‌സും കാൻസലോയും സ്ഥാനം നിലനിര്‍ത്തി.
മത്സരത്തിന്‍റെ 11-ാം മിനിറ്റിൽ ആന്‍റ്വർപ്പ് ബോക്‌സിന് പുറത്ത് പാസുകള്‍ കോര്‍ത്തെടുത്തൊരു മികച്ച നീക്കത്തിനൊടുവില്‍ ജോ ഫെലിക്‌സിലൂടെ ബാഴ്‌സ ലീഡ് എടുത്തു. ഗുണ്ടോഗന്‍റെ പാസിൽ നിന്നും ഫെലിക്‌സിന്‍റെ വലംകാലൻ ഷോട്ട് ഗോൾകീപ്പർ ബ്യൂട്ടസിനെ കാഴ്‌ചക്കാരനാക്കി വലയിലെത്തി.
19-ാം മിനിറ്റിൽ ബോക്‌സിനുള്ളില്‍ നിന്നും ഫെലിക്‌സ് നല്‍കിയ ക്രോസില്‍ ലെവൻഡോവ്‌സ്‌കി അനായാസം ലക്ഷ്യം കണ്ടു. ഇതോടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 100 ഗോൾ നേടുന്ന മൂന്നാമത്തെ താരമായും ലെവൻഡോവ്‌സ്‌കി മാറി. മൂന്ന് മിനിറ്റിന് ശേഷം റാഫിഞ്ഞയുടെ ക്രോസിൽ നിന്ന് ബാഴ്‌സ മൂന്നാം ഗോളും കണ്ടെത്തി. ക്രോസ് നല്‍കാനുള്ള ബ്രസീലിയൻ താരത്തിന്‍റെ ശ്രമം ആന്‍റ്വർപ്പ് താരം ജെല്ലെ ബറ്റെയ്‌ല്ലെയുടെ ദേഹത്ത് തട്ടി ഗോൾകീപ്പര്‍ക്ക് അവസരം നല്‍കാതെ വലയില്‍ പതിക്കുകയായിരുന്നു. ഇതോടെ ആന്‍റ്വർപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. മത്സരം 40 മിനിറ്റ് പിന്നിട്ട ശേഷമാണ് ബെൽജിയൻ ടീം ആദ്യമായി ലക്ഷ്യത്തിന് നേരെ ഷോട്ട് ഉതിര്‍ക്കുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗുണ്ടോഗന് ലഭിച്ച അവസരം മുതലെടുക്കാനായില്ല. എന്നാല്‍ 53-ാം മിനിറ്റിൽ ഗാവി ലക്ഷ്യം കണ്ടു. ഗാവിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു. ഗുണ്ടോഗൻ - ലെവൻഡോവ്‌സ്‌കി സഖ്യം നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് ഗോൾ പിറന്നത്. മത്സരത്തിൽ സമ്പൂർണ മേധാവിത്വം ഉറപ്പിച്ച ബാഴ്‌സ ഡിജോങ്ങിനെയും ഗാവിയെയും പിൻവലിച്ച് യുവതാരം ഫെര്‍മിൻ ലോപസിനേയും റോമേയുവിനെയും കളത്തില്‍ ഇറക്കി.
66-ാം മിനിറ്റിൽ റാഫിഞ്ഞയുടെ ക്രോസില്‍ നിന്നും ഹെഡറിലൂടെ ഫെലിക്‌സ് തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തി. പിന്നാലെ യുവതാരം ലമിൻ യമാല്‍, ഫെറാൻ ടോറസ് എന്നിവർ കളത്തിലെത്തി. ഇതോടെ ചാമ്പ്യൻസ് ലീഗ് ചരിത്രതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായും ലമിൻ മാറി. മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.