ബാഴ്‌സലോണ : ലിഗ എഫിൽ തുടർച്ചയായ 23-ാം വിജയം, ലീഗിൽ ഇതുവരെ 99 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് വെറും അഞ്ച് ഗോളുകൾ, എൽ ക്ലാസിക്കോയില്‍ ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെ ജയം, ലിഗ എഫിൽ കിരീടത്തിലേക്ക് മിന്നും വേഗത്തിൽ കുതിക്കുകയാണ് ബാഴ്‌സലോണ വനിത ടീം.
ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ജയത്തോടെയാണ് ലീഗിലെ വിജയക്കുതിപ്പ് 23 മത്സരമാക്കി ഉയർത്തിയത്. മത്സരത്തിന്‍റെ 77-ാം മിനിറ്റിൽ ഫ്രിഡോലിന റോൾഫോ പെനാൽറ്റി കിക്കിലൂടെയാണ് വിജയ ഗോൾ നേടിയത്.
പോയിന്‍റ് പട്ടികയിൽ ഒന്നാമതുള്ള ആത്മവിശ്വാസത്തോടെ സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിനെ നേരിട്ട ബാഴ്‌സ വനിതകൾ മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം പുലർത്തി. ബാഴ്‌സയുടെ തുടരെയുള്ള മുന്നേറ്റങ്ങൾ റയൽ പ്രതിരോധ നിരയ്‌ക്ക് വെല്ലുവിളി ഉയർത്തി. എന്നാൽ റയൽ മികച്ച രീതിയിൽ പ്രതിരോധിച്ചതിനാലാണ് മത്സരം ഒരു ഗോളില്‍ മാത്രം ഒതുങ്ങിയത്. ബാഴ്‌സലോണ മത്സരത്തിൽ ആകെ 17 ഷോട്ടുകളുതിർത്തപ്പോൾ റയൽ അഞ്ച് തവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർത്തത്.
ബാഴ്‌സയുടെ മുന്നേറ്റങ്ങൾ ഫലപ്രദമായി പ്രതിരോധിച്ച റയലിന് ഡെൽ കാസ്റ്റിലോ പെനാൽറ്റി വഴങ്ങിയതാണ് തിരിച്ചടിയായത്. ജയത്തോടെ ബാഴ്‌സലോണ ലീഗ എഫ് പോയിന്‍റ് ടേബിളിൽ ലീഡ് 13 പോയിന്‍റാക്കി ഉയർത്തി. 23 മത്സരങ്ങളിൽ 23 ജയവുമായി 69 പോയിന്‍റാണ് ബാഴ്‌സലോണയ്‌ക്ക് ഉള്ളത്. രണ്ടാമതുള്ള റയൽ മാഡ്രിഡിന് 56 പോയിന്‍റും മൂന്നാമതുള്ള ലെവന്‍റെയ്‌ക്ക് 53 പോയിന്‍റുമാണ് ഉള്ളത്.