ബാഴ്‌സലോണ: യുവേഫ യൂറോപ്പ ലീഗിനുള്ള 32 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് ബാഴ്‌സലോണ. ടീമിൽ നിന്ന് ഡാനി ആൽവസിനെ ഒഴിവാക്കി. എന്നാൽ കരാര്‍ പ്രതിസന്ധി കാരണം ജനുവരിയിൽ ക്ലബ് വിടാൻ പറഞ്ഞ ഒസ്‌മാന്‍ ഡെംബെലെയെ ഉൾപ്പെടുത്തി.
ജനുവരി ട്രാൻസ്‌ഫറില്‍ സ്വന്തമാക്കിയ താരങ്ങളെ യൂറോപ്പ ലീഗ് സ്‌ക്വാഡിൽ ഉൾപ്പെടുത്താനുള്ള അവസാന ദിവസം ഫെബ്രുവരി രണ്ടായിരുന്നു. യുവേഫ നിയമപ്രകാരം യൂറോപ്പ ലീഗ് സ്‌ക്വാഡിൽ ജനുവരി ജാലകത്തിൽ എത്തിയ താരങ്ങളിൽ പരമാവധി മൂന്നു പേരെ മാത്രമാണ് പുതിയതായി ഉൾപ്പെടുത്താൻ കഴിയുക. ജനുവരിയില്‍ എത്തിയ ഫെറാൻ ടോറസ്, ഔബമയാങ്, അഡാമ എന്നിവരെ ഉൾപ്പെടുത്തിയതാണ് ഡാനി ആൽവസ് പുറത്താകാൻ കാരണമായത്.
ബി ടീമിൽ നിന്നും സീനിയർ ടീമിലെത്തി മികച്ച പ്രകടനം നടത്തിയ അബ്ദെ എസൽസൂലി, ഫെറൻ ജുഗ്‌ള എന്നിവരും യൂറോപ്പ ലീഗ് സ്‌ക്വാഡിന്‍റെ ഭാഗമാകില്ല. ഇരുവരും ക്ലബിൽ രണ്ടു വർഷം പൂർത്തിയാവത്തതിനാല്‍ യൂറോപ്പ ലീഗ് നിയമപ്രകാരം യൂത്ത് പ്ലെയർ കാറ്റഗറിയിൽ സ്‌ക്വാഡിന്‍റെ ഭാഗമാക്കാൻ കഴിയുകയില്ല.