ക്യാമ്പ്നൗ :ലാ ലീഗ കിരീടത്തിലേക്ക് അടുക്കുന്ന ബാഴ്‌സലോണക്ക് ജയം. ക്യാമ്പ്നൗവിൽ നിർണായക മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ഫെറാൻ ടോറസ് നേടിയ ഒരു ഗോളിനാണ് കറ്റാലൻസിന്‍റെ വിജയം. ഇതോടെ തുടർച്ചയായ രണ്ട് സമനിലയ്‌ക്ക് ശേഷം മൂന്നാം സ്ഥാനക്കാർക്കെതിരായ ജയം ബാഴ്‌സയ്‌ക്ക് ആത്മവിശ്വാസം നൽകും.
എന്നാൽ പരാജയം അത്‌ലറ്റികോ മാഡ്രിഡിന് രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡുമായുള്ള അകലം അഞ്ചായി വർധിപ്പിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്ത് 11 പോയിന്‍റ് ലീഡ് തിരിച്ചു പിടിക്കാനും ബാഴ്‌സക്കായി. ലീഗിൽ ഇനി എട്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.
പരിക്കിൽ നിന്ന് മോചിതനായ മധ്യനിര താരം ഫ്രാങ്കി ഡിജോങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. ഡിജോങ്ങ് വന്നതോടെ അവസാന രണ്ട് മത്സരങ്ങളിൽ ചിത്രത്തിൽ ഇല്ലാതിരുന്ന മധ്യനിര വീണ്ടും ഫോമിലേക്കെത്തി. ബാഴ്‌സ കൂടുതൽ സമയം പന്ത് കൈവശം വച്ച് കളിച്ചപ്പോൾ പ്രത്യാക്രമണങ്ങളായിരുന്നു സിമിയോണിയുടെ തന്ത്രം.
മത്സരത്തിന്‍റെ ആദ്യ മിനിറ്റിൽ തന്നെ അന്‍റോണിയോ ഗ്രീസ്‌മാന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു. പിന്നാലെ ബോക്‌സിനകത്ത് നിന്നും ലെവൻഡോവ്‌സ്‌കിയുടെ ശ്രമവും ഫലം കണ്ടില്ല. പിന്നീട് ഗ്രീസ്‌മാന്‍റെ പോസ്റ്റിന് തൊട്ടു മുൻപിൽ നിന്നുള്ള ഷോട്ട് ഗോൾകീപ്പർ ടെർ സ്റ്റീഗൻ തടഞ്ഞിട്ടു. ഇരു പ്രതിരോധവും മികച്ച പ്രകടനം നടത്തുന്നതിനിടെ 44-ാം മിനിറ്റിൽ ബാഴ്‌സ ലീഡെടുത്തു.
ഇടവേളയ്‌ക്ക് തൊട്ടു മുമ്പ് ഫെറാൻ ടോറസാണ് ബാഴ്‌സയുടെ ഗോൾ നേടിയത്. മൈതാന മധ്യത്തിൽ നിന്നും ഉയർത്തി നൽകിയ ബോൾ നിയന്ത്രിച്ച റാഫിഞ്ഞ നൽകിയ പാസിൽ നിന്നും എതിർ പ്രതിരോധത്തെ കബളിപ്പിച്ച് തൊടുത്ത ഷോട്ട് അനായാസം ഗോൾകീപ്പർ ഒബ്‌ലാക്കിനെ മറികടന്നു.
രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു. ഗവിയുടെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്ന് പോയി. അൽവാരോ മൊറാത്ത ഒരുക്കി നൽകിയ അവസരത്തിൽ ബോക്‌സിനുള്ളിൽ നിന്നും ഗ്രീസ്‌മാന്‍റെ ഫസ്റ്റ് ടൈം ഷോട്ട് ഗോൾകീപ്പറുടെ കയ്യിലൊതുങ്ങി. പലപ്പോഴും എതിർ മുന്നേറ്റം തടയാൻ പരുക്കൻ അടവുകൾ പുറത്തെടുത്തപ്പോൾ റഫറിക്ക് നിരവധി തവണ മഞ്ഞക്കാർഡ് പുറത്തെടുക്കേണ്ടി വന്നു.
72-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ എത്തിയ നീക്കം ബോക്‌സും വിട്ടിറങ്ങിയ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലെവൻഡോവ്‌സ്‌കിക്ക് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നായിരുന്നുവിത്. അവസാന നിമിഷങ്ങളിൽ സമനിലക്കായി പൊരുതിയ അത്‌ലറ്റികോ പൂർണമായും ആക്രമണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ഗോൾ ഒന്നും പിറക്കാതെ പോയതോടെ ബാഴ്‌സ വിജയം നേടി.
ലാലിഗ ടേബിളിൽ റയൽ മാഡ്രിഡിനേക്കാൾ 11 പോയിന്‍റ് ലീഡാണ് ബാഴ്‌സയ്‌ക്കുള്ളത്. 30 മത്സരങ്ങളിൽ നിന്ന് 76 പോയിന്‍റാണ് സാവിയുടെ ടീമിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്നും 65 പോയിന്‍റുമായാണ് റയൽ മാഡ്രിഡ് രണ്ടാമത് തുടരുന്നത്.
ALSO READ :ബ്രൈറ്റണെ പെനാൽറ്റിയിൽ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി
ലാലിഗ റെക്കോഡിനൊപ്പം ടെർ സ്റ്റെഗൻ: അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ ഗോൾ വഴങ്ങാതിരുന്നതോടെ ലാലിഗ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് ബാഴ്‌സലോണ ഗോൾകീപ്പർ ആന്ദ്രെ ടെർ സ്റ്റെഗൻ. ജർമൻ ഗോൾകീപ്പർ സീസണിലെ തന്‍റെ 23-ാം ലീഗ് ക്ലീൻ ഷീറ്റ് സ്വന്തമാക്കുകയും മുൻ ബാഴ്‌സലോണ ഗോൾകീപ്പർ ക്ലോഡിയോ ബ്രാവോയുടെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്‌തു. ഈ സീസണിൽ 41 മത്സരങ്ങളിൽ നിന്ന് 24 ക്ലീൻ ഷീറ്റുകളാണ് ടെർ സ്റ്റെഗൻ ഇതുവരെ നേടിയിട്ടുള്ളത്.