ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ക്ലബ് മാറ്റത്തിന് ശേഷം ആദ്യമായി ലാലിഗ കിരീടത്തില്‍ വീണ്ടും മുത്തമിട്ട് എഫ്‌സി ബാഴ്‌സലോണ. ചിരവൈരികളായ എസ്‌പാന്‍യോളിനെ തകര്‍ത്താണ് കറ്റാലന്‍ ക്ലബ് ലീഗ് ചരിത്രത്തിലെ 27-ാം കിരീടം ഉറപ്പിച്ചത്. ഡെര്‍ബിയില്‍ ജയം നേടിയാല്‍ ബാഴ്‌സയ്‌ക്ക് കിരീടം ഉറപ്പായിരുന്നു.
എസ്‌പാന്‍യോളിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം പിടിച്ചത്. ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോളും, ബാല്‍ദെ കൗണ്ടെ എന്നിവര്‍ ബാഴ്‌സയ്‌ക്കായി ഒരോ ഗോളും നേടി. ഈ ജയത്തോടെ 34 മത്സരങ്ങളില്‍ നിന്നും ബാഴ്‌സയ്‌ക്ക് 85 പോയിന്‍റായി.
രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് തന്നെ 71 പോയിന്‍റാണ്. ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയം നേടിയാലും പരമാവധി 83 പോയിന്‍റ് സ്വന്തമാക്കാനെ റയലിന് സാധിക്കൂ. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.
മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത് എസ്‌പാന്‍യോളാണെങ്കിലും മത്സരത്തില്‍ ആദ്യ ഗോള്‍ അടിച്ചത് ബാഴ്‌സലോണയാണ്. 11-ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി സന്ദര്‍ശകരെ മുന്നിലെത്തിച്ചു. സ്വന്തം പകുതിയില്‍ നിന്നും റൊണാള്‍ഡ് അറോഹെ ഇടതുവിങ്ങില്‍ അലെജാന്‍ഡ്രോ ബാല്‍ദെയിലേക്ക് നീട്ടി നല്‍കി.
പന്തുമായി ഇടതുവശത്തൂടെ എസ്‌പാന്‍യോള്‍ ബോക്‌സിനുള്ളിലേക്ക് കയറിയ ബാല്‍ദെ ലെവന്‍ഡോസ്‌കിയ്‌ക്ക് ഗോള്‍ പോസ്റ്റിനുള്ളിലേക്ക് പന്ത് തട്ടിയിടാന്‍ പാകത്തിന് പാസ് നല്‍കി. ബാല്‍ദെയുടെ ഷോട്ടിലേക്ക് പാഞ്ഞെത്തിയ ലെവന്‍ഡോസ്‌കി കൃത്യമായി ലക്ഷ്യം കണ്ടു. 20 മിനിറ്റില്‍ ബാഴ്‌സ ലീഡുയര്‍ത്തി.