കാർഡിഫ് : യുവേഫ നാഷൻസ് ലീഗിൽ നെതർലാൻഡ്‌സിനെതിരായി തോൽവി വഴങ്ങിയതിന് പിന്നാലെ ലോകകപ്പിന് മുന്നോടിയായി വെയിൽസ് കടുത്ത അടവുകൾ പഠിക്കണമെന്ന നിർദേശവുമായി നായകൻ ഗാരത് ബെയ്‌ൽ. ഇഞ്ച്വറി ടൈമിൽ ഗോൾ വഴങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വെയിൽസിന്‍റെ തോൽവി. നെതർലാൻഡ്‌സിനോടും തോൽവി വഴങ്ങിയതോടെ യുവേഫ നാഷൻസ് ലീഗിലെ കളിച്ച രണ്ട് മത്സരങ്ങളിലും വെയിൽസ് പരാജയപ്പെട്ടു.
കൂപ്മെയിനെർസിന്‍റെ ഗോളിൽ അൻപതാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ നെതർലാൻഡ്‌സിനെതിരെ 92-ാം മിനിറ്റിൽ നോറിങ്റ്റൻ ഡേവിസിലൂടെ വെയിൽസ് സമനില പിടിച്ചെങ്കിലും തൊട്ടടുത്ത മിനിട്ടിൽ വോട്ട് വെഗ്ഹോർസ്റ്റിന്‍റെ ഗോളിലൂടെ നെതർലാൻഡ്‌സ് വിജയത്തിലെത്തി. ഇതിന് പിന്നാലെയാണ് ടീം കടുത്ത അടവുകൾ പ്രയോഗിക്കണമെന്ന നിർദേശവുമായി ബെയ്‌ൽ എത്തിയത്.