ന്യൂഡല്‍ഹി:അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) അധ്യക്ഷനായി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിലുള്ള ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കനക്കുന്നു. സാക്ഷി മാലിക്കിന്‍റെ അപ്രതീക്ഷിതമായി വിരമിക്കലിന് പിന്നാലെ, തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കാനൊരുങ്ങി ബജ്റംഗ് പുനിയ. ഇതു സംബന്ധിച്ച് ഇന്ത്യയുടെ ഒളിമ്പ് മെഡല്‍ ജേതാവായ ബജ്റംഗ് പുനിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കത്തയച്ചു (Bajrang Punia returns Padma Shri in protest over appoint of WFI chief Sanjay Singh).
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കത്തിന്‍റെ പകര്‍പ്പ് ബജ്റംഗ് പുനിയ പുറത്ത് വിട്ടിട്ടുണ്ട്. "എന്‍റെ പത്മശ്രീ പുരസ്‌കാരം ഞാൻ പ്രധാനമന്ത്രിയ്‌ക്ക് തിരികെ നൽകുന്നു. ഇത് എനിക്ക് പറയാനുള്ള കത്ത് മാത്രമാണ്. ഇതാണ് എന്‍റെ പ്രസ വന" എന്നാണ് കത്തിനൊപ്പം ബജ്റംഗ് കുറിച്ചിരിക്കുന്നത്.
''പ്രിയപ്പെട്ട പ്രധാനമന്ത്രി ജീ, താങ്കള്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ പല ജോലികളിലും തിരക്കിലായിരിക്കണം, പക്ഷേ രാജ്യത്തെ ഗുസ്‌തിക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെടുത്താനാണ് ഞാനിതെഴുതുന്നത്.
ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമണ ആരോപണം ഉന്നയിച്ച് ഈ വർഷം ജനുവരിയിൽ രാജ്യത്തെ വനിത ഗുസ്‌തിക്കാർ പ്രതിഷേധം ആരംഭിച്ചത് നിങ്ങൾ അറിഞ്ഞിരിക്കണം. ഞാനും അവരുടെ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ശക്തമായ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ പോലും ഉണ്ടായിട്ടില്ല. ഏപ്രിലില്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങിയതോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനെങ്കിലും ഡല്‍ഹി പൊലീസ് തയ്യാറായത്. ജനുവരിയിൽ 19 പരാതിക്കാർ ഉണ്ടായിരുന്നിടത്ത് ഏപ്രിലില്‍ അത് 7 ആയി കുറഞ്ഞു.