ന്യൂഡല്‍ഹി: നീതി നിഷേധത്തില്‍ കണ്ണീരോടെ ഗുസ്‌തി അവസാനിപ്പിച്ച സാക്ഷി മാലിക്കിന് പിന്തുണയുമായി ബജ്റംഗ് പുനിയ. തനിക്ക് ലഭിച്ച പത്മശ്രീ പുരസ്‌കാരം ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയ തെരുവില്‍ ഉപേക്ഷിച്ചു. അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) അധ്യക്ഷനായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) അനുയായി സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിലാണ് ഗുസ്‌തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്.
വനിത ഗുസ്‌തി താരങ്ങള്‍ അപമാനിക്കപ്പെടുമ്പോള്‍ പത്മശ്രീ ജേതാവായി ജീവിക്കാൻ കഴിയില്ല. അതിനാല്‍ പുരസ്‌ക്കാരം തിരികെ നല്‍കുകയാണെന്ന് അറിയിച്ച് നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ബജ്റംഗ് പുനിയ നേരത്തെ തുറന്ന കത്ത് എഴുതിയിരുന്നു. ഇതിന്‍റെ ഭാഗമായി പുരസ്‌കാരം തിരികെ നല്‍കാനെത്തിയ ബജ്റംഗ് പുനിയയെ പ്രധാന മന്ത്രിയുടെ വസതിക്ക് സമീപമുള്ള കര്‍ത്തവ്യപഥില്‍ പൊലീസുദ്യോഗസ്ഥര്‍ തടഞ്ഞു.
ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ത്തവ്യപഥിലെ നടപ്പാതയില്‍ തനിക്ക് ലഭിച്ച പത്മശ്രീ പതക്കം 29 -കാരന്‍ ഉപേക്ഷിച്ചത്. (Bajrang Punia returns Padma Shri in protest over appoint of WFI chief Sanjay Singh). പതക്കം പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് വിവരം. അതേസമയം വനിത താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ഗുസ്‌തി ഫെഡറേഷന്‍റെ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ വിവിധ ഘട്ടങ്ങളായി ഗുസ്‌തി താരങ്ങള്‍ പ്രതിഷേധ പരമ്പരകള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും വിഷയത്തില്‍ കാര്യമായി ഇടപെടലുണ്ടായില്ല. ഇതിനിടെയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്‍റെ (Brij Bhushan Saran Singh) ബിസിനസ് പങ്കാളിയായ സഞ്ജയ് സിങ് ഫെഡറേഷന്‍റെ തലപ്പത്ത് എത്തുന്നത്. ഡിസംബര്‍ 21 വ്യാഴാഴ്‌ചയാണ് അഖിലേന്ത്യ ഗുസ്‌തി ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സഞ്ജയ് സിങ്ങിനെതിരെ അധ്യക്ഷ സ്ഥാനത്തേക്ക് ഗുസ്‌തി താരങ്ങളുടെ പ്രതിനിധിയായി ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനാണ് മത്സരിച്ചത്. അനിത ഷിയോറന് എട്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബ്രിജ് ഭൂഷണിന്‍റെ അനുയായി ആയ സഞ്ജയ് സിങ്ങിന് 40 വോട്ടുകളാണ് കിട്ടിയത്.