മെല്‍ബണ്‍ :ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഗ്രാൻഡ് സ്ലാം വനിത ഡബിൾസ് കരിയറിന് നിരാശാജനകമായ അവസാനം. ഓസ്‌ട്രേലിയൻ ഓപ്പണിൽ ഞായറാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ സാനിയയും പങ്കാളി അന്ന ഡാനിലീനയും തോല്‍വി വഴങ്ങി. സീഡ് ചെയ്യപ്പെടാത്ത ആൻഹെലിന കലിനിന-അലിസൺ വാൻ സഖ്യത്തോടാണ് ഇരുവരും കീഴടങ്ങിയത്.
അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ തന്‍റെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് സാനിയ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെ 35കാരിയായ സാനിയയുടെ അവസാന ഗ്രാൻഡ് സ്ലാം വനിത ഡബിള്‍സ് മത്സരമായും ഇതുമാറി. മെൽബൺ പാർക്കിലെ ഏഴാം നമ്പര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സാനിയ-ഡാനിലീന സഖ്യം പരാജയം സമ്മതിച്ചത്.
ആദ്യ സെറ്റ് കൈവിട്ട സാനിയയും ഡാനിലീനയും രണ്ടാം സെറ്റ് സ്വന്തമാക്കി ശക്തമായി തിരികെ വന്നിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് നഷ്‌ടപ്പെട്ടതാണ് സഖ്യത്തിന് തിരിച്ചടിയായത്. സ്‌കോര്‍: 4-6, 6-4, 2-6.
ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഹംഗേറിയൻ-അമേരിക്കൻ ടീമായ ഡാൽമ ഗൾഫി-ബെർണാഡ പെര സഖ്യത്തെയാണ് സാനിയയും ഡാനിലീനയും മറികടന്നത്. എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം കളിക്കാനിറങ്ങിയ സാനിയ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ വൈൽഡ് കാർഡ് എൻട്രിയായ ഓസ്‌ട്രേലിയയുടെ ജെയ്‌മി ഫോർലിസ്-ലൂക്ക് സാവില്ലെ സഖ്യത്തെയാണ് സാനിയയും ബൊപ്പണ്ണയും തോല്‍പ്പിച്ചത്. ഒരു മണിക്കൂർ 14 മിനിറ്റിൽ 7-5, 6-3 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം.
ALSO READ:ഓസ്‌ട്രേലിയൻ ഓപ്പൺ : റൈബാകിനയോട് കീഴടങ്ങി ; ഇഗ സ്വിറ്റെക് പുറത്ത്
അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ഇത് തന്‍റെ അവസാന സീസണായിരിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിച്ചാണ് താരം ഇക്കുറിയും ഓസ്‌ട്രേലിയൻ ഓപ്പണിനിറങ്ങിയത്. തന്‍റെ മുൻഗണനകൾ മാറിയിട്ടുണ്ടെന്നും മുന്നോട്ടുപോകാൻ തനിക്ക് വൈകാരിക ശേഷിയില്ലെന്നുമാണ് അടുത്തിടെ സാനിയ ഡബ്ല്യുടിഎ ടൂർ വെബ്‌സൈറ്റിനോട് പറഞ്ഞത്.