മെല്‍ബണ്‍ : ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍. സെമിയില്‍ ബ്രിട്ടന്‍റെ നിയാല്‍ സ്‌കപ്‌സ്‌കി-അമേരിക്കയുടെ ഡെസീറെ ക്രോസിക് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം.
ഒരു മണിക്കൂറും 52 മിനിട്ടും നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ-ബൊപ്പണ്ണ സഖ്യം മത്സരം പിടിച്ചത്. സ്‌കോര്‍: 6-4, 7-6 (11-9. നിയാല്‍-ഡെസീറെ സഖ്യം ടൂര്‍ണമെന്‍റിലെ മൂന്നാം സീഡായിരുന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ അണ്‍സീഡായിരുന്നു. സാനിയ– ബൊപ്പണ്ണ സഖ്യത്തിന്‍റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്.
നേരത്തെ ക്വാർട്ടറിൽ ലാത്വിയൻ, സ്പാനിഷ് സഖ്യമായ ജെലീന ഒസ്റ്റപെങ്കോ, ഡേവിഡ് വേഗ എന്നിവർക്കെതിരെ ഇന്ത്യന്‍ സഖ്യത്തിന് വാക്ക് ഓവർ ലഭിക്കുകയായിരുന്നു. ഉറുഗ്വായ്-ജപ്പാൻ ജോഡികളായ ഏരിയൽ ബെഹാർ-മകാറ്റോ നിനോമിയ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയയും ബൊപ്പണ്ണയും അവസാന എട്ടിൽ ഇടം നേടിയത്.
ദുബായ് ഓപ്പണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച 35കാരിയായ സാനിയ കരിയറില്‍ ഏഴാം ഗ്രാന്‍ഡ്സ്ലാമാണ് ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെ രണ്ട് തവണ മെല്‍ബണില്‍ കിരീടം ചൂടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം മിക്സഡ് ഡബിൾസിലാണ് സാനിയ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ കിരീടം നേടുന്നത്. തുടര്‍ന്ന് 2016ൽ മാർട്ടിന ഹിംഗിസിനൊപ്പം വനിത ഡബിൾസും വിജയിച്ചു.