മെല്‍ബണ്‍:ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിന്‍റെ ഫൈനലില്‍ പ്രവേശിച്ച് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച്. രണ്ടാം സെമിയില്‍ അമേരിക്കയുടെ ടോമി പോളിനെ കീഴടക്കിയാണ് ജോക്കോയുടെ മുന്നേറ്റം. റോഡ് ലേവർ അറീനയിൽ രണ്ടു മണിക്കൂറും 20 മിനിറ്റും നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 35കാരനായ ജോക്കോ മത്സരം പിടിച്ചത്.
മെല്‍ബണില്‍ ഒമ്പത് തവണ കിരീടം ചൂടിയ ജോക്കോയ്‌ക്ക് ആദ്യ സെറ്റില്‍ വെല്ലുവിളിയാകാന്‍ കഴിഞ്ഞുവെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ അനായാസമാണ് 25കാരനായ ടോമിയുടെ കീഴടങ്ങല്‍. സ്‌കോര്‍: 7-5, 6-1, 6-2.
മെല്‍ബണില്‍ 10-ാം തവണയും ചാമ്പ്യനാവാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളെന്ന നേട്ടത്തില്‍ സ്‌പാനിഷ് താരം റാഫേൽ നദാലിനൊപ്പമെത്താന്‍ ജോക്കോയ്‌ക്ക് കഴിയും. നിലവില്‍ ജോക്കോയ്‌ക്ക് 21ഉം നദാലിന് 22ഉം ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളാണുള്ളത്.
ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസാണ് ജോക്കോയുടെ എതിരാളി. ഒന്നാം സെമിയില്‍ റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോല്‍പ്പിച്ചാണ് സ്റ്റെഫാനോസിന്‍റെ മുന്നേറ്റം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു സ്റ്റെഫാനോസ് ഖച്ചനോവിനെ കീഴടക്കിയത്.
റോഡ് ലാവർ അറീനയില്‍ മൂന്ന് മണിക്കൂറും 21 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഖച്ചനോവിന്‍റെ കീഴടങ്ങല്‍. ആദ്യ രണ്ടാം സെറ്റുകള്‍ ജയിച്ച സ്റ്റെഫാനോസിനെതിരെ മൂന്നാം സെറ്റുപിടിച്ച് ഖച്ചനോവ് തിരികെ വന്നു.
എന്നാല്‍ നാലാം സെറ്റ് സ്വന്തമാക്കിയ ഗ്രീക്ക് താരം മത്സരം പിടിക്കുകയായിരുന്നു. സ്‌കോര്‍: 7-6, 6-4, 6-7, 6-3. ലോക നാലാം നമ്പറായ സ്റ്റെഫാനോസ് ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ഫൈനലില്‍ എത്തുന്നത്. 2019, 2021, 202 വർഷങ്ങളില്‍ താരം സെമിയില്‍ പുറത്തായിരുന്നു.
ALSO READ:'ഈ കണ്ണീര്‍ ദുഃഖത്തിന്‍റേതല്ല സന്തോഷത്തിന്‍റേതാണ്'; ഗ്രാൻഡ്‌സ്ലാമിനോട് വിട പറഞ്ഞ് സാനിയ