മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റിനിടെ നിലവിലെ ചാമ്പ്യന്‍ റാഫേൽ നദാലിന്‍റെ റാക്കറ്റ് കാണാതായി. ലാവർ അറീനയിൽ ലോക രണ്ടാം നമ്പറായ നദാല്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങിയപ്പോഴാണ് നാടകീയ സംഭവം നടന്നത്. ബ്രിട്ടീഷ് താരം ജാക്ക് ഡ്രെപ്പറിനെതിരെയാണ് സ്‌പാനിഷ് താരം കളിക്കാനിറങ്ങിയത്.
മത്സരത്തിന്‍റെ ഇടവേളയിൽ തന്‍റെ റാക്കറ്റ് അപ്രത്യക്ഷമായതിനെക്കുറിച്ച് നദാൽ അമ്പയറോട് പരാതിപ്പെടുകയായിരുന്നു. 'ബോൾബോയ് എന്‍റെ റാക്കറ്റ് എടുത്തു' എന്നാണ് 36 കാരന്‍ പറഞ്ഞത്. ഇതാദ്യമായാണ് മത്സരത്തിനിടെ നദാലിന്‍റെ റാക്കറ്റ് കാണാതാവുന്നത്. എന്നിരുന്നാലും ഉടന്‍ തന്നെ തന്‍റെ ബാഗിൽ നിന്ന് മറ്റൊരു റാക്കറ്റ് എടുത്ത താരം കളിക്കാനിറങ്ങുകയും ചെയ്‌തു.