മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. ബ്രസീലിയന്‍ ജോഡികളായ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് എന്നിവരാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം തോല്‍വി വഴങ്ങിയത്.
സ്‌കോര്‍: 6-7, 2-6ലൂയിസ സ്റ്റെഫാനി - റാഫേൽ മാറ്റോസ് സഖ്യത്തിന്‍റെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടമാണിത്. മത്സരത്തിന്‍റെ ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് ബ്രസീലിയന്‍ സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും ഇന്ത്യന്‍ ജോഡികള്‍ക്ക് തിരിച്ചുവരവിന് സ്റ്റെഫാനി മാറ്റോസ് ജോഡികള്‍ അവസരം നല്‍കിയില്ല.
മെൽബൺ റോഡ് ലാവർ അരീനയിലെ മത്സരശേഷം നിറ കണ്ണുകളോടെയാണ് സാനിയ കോര്‍ട്ട് വിട്ടത്.' ഇത് ആനന്ദത്തിന്‍റെ കണ്ണീരാണ്, 18 വര്‍ഷം മുന്‍പ് മെല്‍ബണില്‍ തുടങ്ങിയ കരിയര്‍, അത് അവസാനിപ്പിക്കാന്‍ മെല്‍ബണേക്കാള്‍ മികച്ച മറ്റൊരു സ്ഥലമില്ല. എല്ലാവര്‍ക്കും നന്ദി'- സാനിയ പറഞ്ഞു.
മത്സരശേഷം സഹതാരം രോഹന്‍ ബൊപ്പണ്ണയ്‌ക്കും സാനിയ നന്ദി പറഞ്ഞു. 14-ാം വയസില്‍ തന്‍റെ ആദ്യ മിക്‌സഡ് ഡബിള്‍സ് പങ്കാളി ബൊപ്പണ്ണയായിരുന്നുവെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. മത്സരത്തിന് ഇരു താരങ്ങളുടെയും കുടുംബവും സന്നിഹിതരായിരുന്നു.
തന്‍റെ മകള്‍ക്ക് മുന്‍പില്‍ ഒരു ഗ്രാന്‍ഡ്‌സ്ലാം മത്സരം കളിക്കാന്‍ സാധികുമെന്ന് കരുതിയിരുന്നില്ല. ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യം കിരീടം അര്‍ഹിച്ചിരുന്നുവെന്നും സാനിയ പറഞ്ഞു. കരിയറിലെ വിടവാങ്ങൽ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ കിരീടത്തിനരികെയാണ് സാനിയ മിര്‍സ വീണത്. ആറ് ഗ്രാൻഡ്സ്ലാമുകൾ ഉൾപ്പെടെ 43 ഡബിൾസ് കിരീടങ്ങൾ നേടിയ സാനിയയുടെ കരിയറിലെ 11-ാം ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു ഇത്. അടുത്ത മാസം ദുബായിൽ നടക്കുന്ന ഡബ്ല്യുടിഎ 1000 തന്‍റെ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് സാനിയ മിര്‍സ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.