മെൽബൺ : ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസില്‍ നിന്നും നിലവിലെ ചാമ്പ്യൻ റാഫേൽ നദാല്‍ പുറത്ത്. പുരുഷ സിംഗിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ മക്കെൻസി മക്‌ഡൊണാൾഡാണ് ലോക രണ്ടാം നമ്പര്‍ താരമായ നദാലിനെ കീഴടക്കിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് 65-ാം റാങ്കുകാരനായ മക്കെൻസി നദാലിനെ തറപറ്റിച്ചത്.
മക്കെന്‍സിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്. മത്സരത്തിനിടെ ഇടുപ്പിന് പരിക്കേറ്റതും നദാലിന് തിരിച്ചടിയായി. കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ നദാലിന്‍റെ ഏറ്റവും മോശം ഗ്രാൻഡ്സ്ലാം ഫലമാണിത്. സ്‌കോര്‍: 6-4, 6-4, 7-5.
ഗ്രാൻഡ്സ്ലാമില്‍ ഇത് രണ്ടാം തവണയാണ് മക്കെൻസിയും നദാലും ഏറ്റുമുട്ടുന്നത്. 2020ലെ ഫ്രഞ്ച് ഓപ്പണില്‍ നേര്‍ക്കുനേരെത്തിയപ്പോള്‍ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് അനായാസ ജയം നേടാന്‍ നദാലിന് കഴിഞ്ഞിരുന്നു. അതേസമയം ആദ്യ റൗണ്ട് മത്സരത്തില്‍ ബ്രിട്ടീഷ് താരം ജാക്ക് ഡ്രെപ്പറിനെയായിരുന്നു സ്‌പാനിഷ് താരമായ നദാല്‍ കീഴടക്കിയത്.
കാനഡയുടെ ഓഗര്‍ അലിയസിമെ, അമേരിക്കയുടെ ഫ്രാന്‍സസ് തിയോഫെ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. സ്ലോവേനിയയുടെ അലക്‌സ് മോല്‍ക്കനെതിരെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഓഗര്‍ ജയം പിടിച്ചത്.
മത്സരത്തിലെ ആദ്യ രണ്ട് സെറ്റും നഷ്‌ടമായ ഓഗര്‍ പിന്നില്‍ നിന്നും പൊരുതി കയറുകയായിരുന്നു. സ്‌കോര്‍: 6-3, 6-3, 3-6, 2-6, 2-6.ചൈനയുടെ ജുചെങ് ഷാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തിയോഫെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 6-4, 6-1.