മെല്‍ബണ്‍ : ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ ഓസ്‌ട്രേലിയന്‍ വിസ പുനഃസ്ഥാപിച്ചു. സർക്യൂട്ട് കോടതി ജഡ്ജി ആന്‍റണി കെല്ലിയുടേതാണ് നടപടി.
കൊവിഡ് വാക്‌സിന്‍ എടുക്കാതെ രാജ്യത്ത് പ്രവേശിച്ചതിനെ തുടര്‍ന്നാണ് സെര്‍ബിയന്‍ താരത്തിന്‍റെ വിസ ഓസ്‌ട്രേലിയന്‍ അധികൃതര്‍ റദ്ദാക്കിയത്. വിസ അസാധുവായതോടെ കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന സ്ഥലത്താണ് താരത്തെ താമസിപ്പിച്ചത്.
വിധി പ്രസ്‌താവത്തിന് ശേഷം 30 മിനിട്ടുകള്‍ക്കകം ജോക്കോവിച്ചിനെ ഇവിടെ നിന്നും മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജനുവരി ആറിനാണ് ജോക്കോ മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയത്.
എട്ട് മണിക്കൂറോളം ജോക്കോവിച്ചിനെ ഇവിടെ തടഞ്ഞുവവയ്ക്കുകയും ചെയ്‌തു. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ, മെഡിക്കല്‍ ഇളവ് സംബന്ധിച്ച രേഖകളോ ഹാജരാക്കാതിരുന്നതോടെയാണ് വിസ അസാധുവാക്കുന്ന നടപടിയിലേക്ക് അധികൃതര്‍ കടന്നത്. തുടര്‍ന്നാണ് കാര്യങ്ങള്‍ കോടതിയിലെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ബാധിച്ച തനിക്ക് മെഡിക്കല്‍ ഇളവ് ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോക്കോ കോടതിയെ സമീപിച്ചത്. കൊവിഡ് ബാധിച്ചതിന്‍റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് താരത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തു. ഡിസംബര്‍ 16-നാണ് ജോക്കോയ്‌ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്.
മെഡിക്കല്‍ ഇളവ് ലഭിച്ചതുമായി ബന്ധപ്പെട്ട് ടെന്നിസ് ഓസ്‌ട്രേലിയയുടെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ കത്തും ജോക്കോ ഹാജരാക്കി. കഴിഞ്ഞ ഡിസംബര്‍ 30നാണ് ചീഫ് മെഡിക്കല്‍ ഓഫിസറുടെ കത്ത് ജോക്കോയ്‌ക്ക് ലഭിച്ചത്.