മുംബൈ :ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ 7 റണ്‍സിന്‍റെ ജയം നേടിയാണ് കങ്കാരുപ്പട പരമ്പരയുറപ്പിച്ചത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 181 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
ഓള്‍റൗണ്ട് പ്രകടനം നടത്തി ഓസീസ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ആഷ്‌ലി ഗാര്‍ഡ്‌നെറാണ് കളിയിലെ താരം. ബാറ്റിങ്ങില്‍ 27പന്തില്‍ 42 റണ്‍സ് നേടിയ താരം ബോളിങ്ങില്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-1ന് മുന്നിലെത്തി. ഡിസംബര്‍ 20 നാണ് അവസാന മത്സരം.
189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയ്‌ക്കും ഷെഫാലി വര്‍മയ്‌ക്കും ഒന്നാം വിക്കറ്റില്‍ 23 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. 10 പന്ത് നേരിട്ട് 16 റണ്‍സ് നേടിയ മന്ദാനയെ മടക്കി ആഷ്‌ലി ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. മൂന്നാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടപ്പെട്ടത്.
പിന്നാലെ പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഷെഫാലിയും മടങ്ങി. 16 പന്തില്‍ 20 റണ്‍സായിരുന്നു ഷെഫാലി വര്‍മയുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ ജെര്‍മിയ റോഡ്രിഗസിനെ (8) അലാന കിങ് പുറത്താക്കി. ഇതോടെ ഇന്ത്യ ഏഴോവറില്‍ 49ന് മൂന്ന് എന്ന നിലയിലേക്ക് വീണു.
പിന്നാലെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍-ദേവിക വൈദ്യ സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചത്. കൃത്യതയോടെ ഓസീസ് ബോളര്‍മാരെ നേരിട്ട ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ അലാന കിങ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.