ദോഹ: ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി ഓസ്‌ട്രേലിയ. ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫ് ഫൈനലില്‍ പെറുവിനെ കീഴടക്കിയാണ് ഓസ്‌ട്രേലിയ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്. പെനാല്‍റ്റിയില്‍ 5-4 എന്ന സ്‌കോറിനാണ് പെറു കീഴടങ്ങിയത്.
പെറുവിനെ തോല്‍പ്പിച്ചു; ഖത്തര്‍ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ച് ഓസ്‌ട്രേലിയ - ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫ്
ഇന്‍റര്‍കോണ്ടിനെന്‍റല്‍ പ്ലേ ഓഫ് ഫൈനലില്‍ പെറുവിനെ കീഴടക്കിയാണ് ഓസ്‌ട്രേലിയ ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചത്
നിശ്ചിത സമയത്ത് ഇരു ടീമിനും ഗോളുകള്‍ നേടാനായില്ല. പെറുവിനായി അഞ്ചാം കിക്ക് എടുത്ത അലക്‌സ് വലേരയെ തടുത്തിട്ട പകരക്കാരന്‍ ഗോള്‍ കീപ്പര്‍ ആൻഡ്രൂ റെഡ്‌മെയ്‌നാണ് ഓസ്‌ട്രേലിയുടെ രക്ഷകനായത്. 2006 മുതല്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്.
ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ഓസ്‌ട്രേലിയ ഖത്തറില്‍ ഇറങ്ങുക. ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്‍റെ നാലാം റൗണ്ടില്‍ യുഎഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്നാണ് ഓസ്‌ട്രേലിയ പ്ലേ ഓഫ് പോരാട്ടത്തിന് യോഗ്യത നേടിയത്. മറുവശത്ത് ലാറ്റിനമേരിക്കന്‍ യോഗ്യത ടേബിളിൽ അഞ്ചാമത് എത്തിയായിരുന്നു പെറുവിന്‍റെ വരവ്.