മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയെ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ നാടുകടത്താന്‍ സാധ്യത. വാക്‌സിനെടുക്കാതെ രാജ്യത്തെത്തുന്നവരോടുള്ള തന്‍റെ സർക്കാരിന്‍റെ കടുത്ത നയത്തിൽ മാറ്റമില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
കൊവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച ജോക്കോയുടെ വിസ രണ്ടാമതും റദ്ദാക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'പൗരന്മാരല്ലാത്തവർ തങ്ങൾ ഇരട്ട വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് തെളിയിക്കണം അല്ലെങ്കിൽ മെഡിക്കൽ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ കഴിയില്ലെന്നതിന് സ്വീകാര്യമായ തെളിവ് നൽകണം. അതാണ് സര്‍ക്കാറിന്‍റെ നയം, അധികാരികൾ നയം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു' - മോറിസൺ പറഞ്ഞു
ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് താരത്തിന്‍റെ വിസ പുനഃസ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ബാധിച്ച തനിക്ക് മെഡിക്കല്‍ ഇളവ് ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോക്കോ കോടതിയില്‍ അനുകൂല വിധി നേടിയത്.