ലണ്ടന്‍:എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് (Carloz Alcaraz). ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് (Queens Club Championship) നേടിയതോടെയാണ് അല്‍കാരസ് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. അല്‍കാരസ് ഒന്നാമതായതോടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് (Novak Djokovic) റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു.
റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ കാര്‍ലോസ് അല്‍കാരസിന് നിലവില്‍ 7,675 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള ജോക്കോവിച്ചിന് ഇപ്പോള്‍ 7,595 പോയിന്റും. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഡാനി മെദ്വദേവ് ആണ്.
5,890 പോയിന്റാണ് റഷ്യന്‍ താരത്തിനുള്ളത്. നാലാം സ്ഥാനത്ത് സ്റ്റെഫാനോസ് സിറ്റ്സിപാസും അഞ്ചാം സ്ഥാനത്ത് കാസ്പര്‍ റൂഡും ആണ് നിലവില്‍. പത്ത് പോയിന്റ് വ്യത്യാസമാണ് ഇരുതാരങ്ങളും തമ്മില്‍.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ഒന്നാം റാങ്കുകാരനായിട്ടായിരുന്നു കാര്‍ലോസ് അല്‍കാരസ് എത്തിയത്. പാരിസില്‍ നടന്ന പോരാട്ടത്തില്‍ താരം സെമി ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനോട് തോല്‍വി വഴങ്ങി. ഇതോടൊണ് സ്പാനിഷ് താരത്തിന് ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായത്.
പുല്‍കോര്‍ട്ടിലെ ആദ്യ കിരീടം: ലണ്ടനിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗറിനെയാണ് (Alex De Minaur) അല്‍കാരസ് തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം. ചാമ്പ്യന്‍ഷിപ്പ് നേട്ടത്തോടെ പുല് കോര്‍ട്ടില്‍ തന്റെ കരിയറിലെ ആദ്യ കിരീടം കൂടിയായിരുന്നു അല്‍കാരസ് സ്വന്തമാക്കിയത്.