ലോസാനെ (സ്വിറ്റ്‌സർലൻഡ് ): ചാമ്പ്യൻസ് ലീഗില്‍ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലെ ആരാധകരുടെ മോശം പെരുമാറ്റത്തിന് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ യുവേഫയുടെ നടപടി കോടതി തടഞ്ഞു. ലീഗിന്‍റെ രണ്ടാം ക്വാർട്ടർ ഫൈനലിന് അത്‌ലറ്റിക്കോ ആതിഥേയത്വം വഹിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിന്‍റെ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ ആഴ്‌ച മാഞ്ചസ്റ്ററില്‍ നടന്ന ആദ്യ പാദത്തിൽ ടീമിന്‍റെ തോല്‍വിക്ക് പിന്നാലെ അത്‌ലറ്റിക്കോ ആരാധകര്‍ നാസി സല്യൂട്ട് കാണിച്ചതിനാണ് ക്ലബ്ബിനെതിരെ യുവേഫയുടെ നടപടിയെടുത്തത്. ആരാധകരുടെ "വിവേചനപരമായ പെരുമാറ്റത്തിന്" ശിക്ഷയായി സ്റ്റേഡിയത്തിന്‍റെ 5,000 സീറ്റുകളുള്ള ഒരു ഭാഗം അടച്ചുപൂട്ടാനായിരുന്നു തിങ്കളാഴ്‌ച യുവേഫ നല്‍കിയ നിര്‍ദേശം. ഇതിനെതിരായണ് അത്‌ലറ്റിക്കോ കോടതിയെ സമീപിച്ചത്.