മാഡ്രിഡ്: ഞായറാഴ്‌ച നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോയ്‌ക്കെതിരെ റയല്‍ വിജയം നേടിയിരുന്നു. സ്വന്തം തട്ടകമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് കീഴടങ്ങിയത്. മത്സരത്തിനിടെ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് നേരെയുണ്ടായ വംശീയ അധിക്ഷേപം വലിയ ചര്‍ച്ചയായിരുന്നു.
സംഭവത്തില്‍ അഭിപ്രായത്തിനുള്ള അഭ്യർഥനയോട് അത്‌ലറ്റിക്കോ ഉടനടി പ്രതികരിച്ചിരുന്നില്ല. എന്നാൽ എതിരാളികളെ ബഹുമാനിക്കണമെന്ന് ആരാധകരെ ഉപദേശിച്ചിരിക്കുകയാണ് അത്‌ലറ്റിക്കോ.
"എതിരാളികള്‍ക്ക് ബഹുമാനം നല്‍കി അഭിനിവേശത്തോടെ അത്‌ലറ്റിയെ പിന്തുണയ്ക്കുക” എന്നാണ് അത്‌ലറ്റിക്കോ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മത്സരത്തിലുടനീളം വിനീഷ്യസ് കുരങ്ങനാണെന്ന് നൂറുകണത്തിന് അത്‌ലറ്റിക്കോ ആരാധകര്‍ വിളിച്ച് പറയുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇതിന് പുറമെ 'വിനീഷ്യസ് മരിക്കൂ' എന്ന വിളികളും ഉയര്‍ന്ന് കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വിനീഷ്യസിന് നേരെ സ്പാനിഷ് ഫുട്ബോൾ ഏജന്‍റ്‌സ് അസോസിയേഷന്‍ തലവൻ പെഡ്രോ ബ്രാവോയുടെ വംശീയ പ്രതികരണം വിമര്‍ശിക്കപ്പെട്ടിരുന്നു. ഗോളുകൾ ആഘോഷിക്കുമ്പോൾ വിനീഷ്യസ് ജൂനിയര്‍ "കുരങ്ങുവേല" നിർത്തണമെന്നാണ് പെഡ്രോ കഴിഞ്ഞ ആഴ്‌ച പറഞ്ഞത്.
എന്നാല്‍ തന്‍റെ രീതിയില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് വിനീഷ്യസ് വ്യക്തമാക്കുകയും ചെയ്‌തു. 'കണ്ണുകളിലെ പ്രകാശത്തേക്കാൾ നിങ്ങൾ എന്‍റെ തൊലിയുടെ നിറത്തിന് പ്രാധാന്യം നൽകുന്ന കാലത്തോളം ഇവിടെ യുദ്ധം ഉണ്ടാകും..' എന്നാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ സന്ദേശത്തില്‍ വിനീഷ്യസ് പറഞ്ഞത്.
"ഒരു കറുത്ത വർഗക്കാരനായ ബ്രസീലുകാരൻ യൂറോപ്പിൽ വിജയക്കൊടി നാട്ടുന്നത് ചിലരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷേ ജയിക്കണമെന്ന ആഗ്രഹവും എന്‍റെ കണ്ണുകളിലെ തിളക്കവും നിങ്ങളുടെ സങ്കൽപ്പങ്ങൾക്കുമതീതമാണ്. ഒരൊറ്റ പ്രസ്‌താവനയിലൂടെ ഞാൻ വംശീയതക്കും വിദ്വേഷത്തിനും ഇരയായിരിക്കുകയാണ്.
പക്ഷെ ഇത് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ഗോൾ നേടിയ ശേഷമുള്ള എന്‍റെ നൃത്തത്തെ അവർ നേരത്തെ തന്നെ വിമർശിക്കുന്നുണ്ട്. പക്ഷെ ഈ നൃത്തം തന്‍റെ മാത്രമല്ല. റൊണാൾഡീഞ്ഞോ, നെയ്‌മർ, ജാവോ ഫെലിക്‌സ്, ഗ്രീസ്‌മാൻ കൂടാതെ ബ്രസീലിയൻ കലാകാരന്മാർ എല്ലാം ഇത്തരത്തിൽ നൃത്തം ചെയ്യുന്നവരാണ്.
സാംസ്‌കാരിക വൈവിധ്യം കൊണ്ടാടാനുള്ള ഉപാധിയാണ് ഈ നൃത്തങ്ങൾ. അതിനെ അംഗീകരിക്കുക, ബഹുമാനിക്കുക. നൃത്തം അവസാനിപ്പിക്കാൻ ഞാന്‍ ഉദ്ദേശിക്കുന്നില്ല" വിനീഷ്യസ് വീഡിയോയില്‍ പറഞ്ഞു. താരത്തിന് പിന്തുണയുമായി നെയ്‌മർ, പെലെ, റാഫിഞ്ഞ തുടങ്ങിയ ബ്രസീലിയന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
also read: ലാ ലിഗ: ജൈത്രയാത്ര തുടര്‍ന്ന് റയല്‍, മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റിക്കോയെ തകര്‍ത്തു