എറണാകുളം:ഇന്ത്യൻ സൂപ്പർ ലീഗിൽ ദിമിത്രി പെട്രറ്റോസിന്‍റെ ഹാട്രിക് ഗോൾ മികവിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ തകർത്തെറിഞ്ഞ് എടികെ മോഹൻ ബഗാൻ. ആദ്യ ഗോളിന് ശേഷം കളി മറന്ന ബ്ലാസ്റ്റേസിനെ 5-2 നാണ് മോഹൻ ബഗാൻ കീഴടക്കിയത്. ബഗാനായി പെട്രറ്റോസ് മൂന്ന് ഗോളുകൾ നേടിയപ്പോൾ ജോണി കൊക്കോയും ലെന്നി റോഡ്രിഗസും ഓരോ ഗോൾ വീതം നേടി. ബ്ലാസ്റ്റേഴ്‌സിനായി ഇവാന്‍ കലിയുഷ്‌നിയും രാഹുൽ കെപിയുമാണ് ലക്ഷ്യം കണ്ടത്.
ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ 2-1ന്‍റെ ലീഡ് നേടിയ മോഹൻ ബഗാൻ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകൾ കൂടി സ്വന്തമാക്കിയത്. മത്സരം തുടങ്ങിയത് മുതൽ തന്നെ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്‌സ് ആറാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ സ്വന്തമാക്കിയിരുന്നു. കലിയുഷ്‌നിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഗോൾ നേടിയത്. സഹൽ നൽകിയ മനോഹരമായ പാസ് കലിയുഷ്‌നി കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ ഇളകിമറിഞ്ഞ മഞ്ഞപ്പടയെ നിശബ്‌ദമാക്കി 26-ാം മിനിട്ടിൽ എടികെ മോഹൻ ബഗാൻ ഗോൾ മടക്കി. ദിമിത്രി പെട്രറ്റോസാണ് ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിലായി. പിന്നാലെ 38-ാം മിനിട്ടിൽ മോഹൻബഗാൻ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. മധ്യനിര താരം ജോണി കൊക്കോയാണ് ടീമിനായി ഗോൾ നേടിയത്. ഇതോടെ ആദ്യ പകുതി അവസാനിച്ചു.
കളിമാറിയ രണ്ടാം പകുതി: എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ഞെട്ടിക്കുന്ന പ്രകടനമാണ് മോഹൻ ബഗാൻ കാഴ്‌ചവച്ചത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ പിഴവുകളെ കൃത്യമായി മുതലെടുത്ത ബഗാൻ പിഴവുകളൊന്നും തന്നെ കൂടാതെ എതിർ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. മികച്ച കൗണ്ടർ അറ്റാക്കുകളിലൂടെയാണ് മോഹൻ ബഗാൻ രണ്ടാം പകുതിയിൽ ഗോളുകൾ നേടിയത്.
62-ാം മിനിട്ടിൽ പെട്രറ്റോസാണ് രണ്ടാം പകുതിയിൽ ബഗാനായി ആദ്യം വല കുലുക്കിയത്. ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധ നിരയിലെ പിഴവുകൾ മനസിലാക്കി ലിസ്റ്റണ്‍ കൊളാസോ നൽകിയ പാസ് പെട്രറ്റോസ് നിസാരമായി വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 81-ാം മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ കൂടി തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ മലയാളി താരം കെപി രാഹുലിന്‍റെ വകയായിരുന്നു ഗോൾ. ഇതോടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്‍റെ സൂചനകൾ നൽകി.
തകർന്നടിഞ്ഞ് പ്രതിരോധം: എന്നാൽ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആഹ്ളാദത്തിന് അധികം ആയുസുണ്ടായില്ല. 89-ാം മിനിറ്റില്‍ ലെനി റോഡ്രിഗസിലൂടെ മോഹന്‍ ബഗാന്‍ മത്സരത്തിലെ നാലാം ഗോള്‍ നേടി. ലെന്നി റോഡ്രിഗസിന്‍റെ വകയായിരുന്നു ഗോൾ. ബ്ലാസ്റ്റേഴ്‌സ് നിര ആക്രമണത്തിനായി നിരന്നപ്പോള്‍ പ്രതിരോധത്തിലെ വിടവ് മുതലെടുത്ത് കൗണ്ടർ അറ്റാക്കിലൂടെ ലെന്നി ഗോൾ സ്വന്തമാക്കുകയായിരുന്നു.
ഇതോടെ മത്സരത്തിലേക്ക് തിരിച്ചെത്താമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ മുഴുവൻ പ്രതീക്ഷകളും അവസാനിച്ചു. തുടർന്നും ബ്ലാസ്‌റ്റേഴ്‌സ് അതേ പിഴവ് ആവര്‍ത്തിച്ചതോടെ കാണികളെ ഞെട്ടിച്ചുകൊണ്ട് ബഗാൻ അഞ്ചാം ഗോളും സ്വന്തമാക്കി. ദിമിത്രി പെട്രറ്റോസിന്‍റെ വകയായിരുന്നു ഗോൾ. ഇതോടെ താരം മത്സരത്തിൽ തന്‍റെ ഹാട്രിക്കും ടീമിന്‍റെ വിജയവും സ്വന്തമാക്കി.