തിരുവന്തപുരം:പൊന്മുടിയിലെ കാലാവസ്ഥ താരങ്ങള്‍ക്ക് സമ്മാനിച്ചത് പുതിയ അനുഭവങ്ങളാണെന്ന് ഇന്ത്യയുടെ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് പരിശീലകന്‍ കിരണ്‍ ഇടിവി ഭാരതിനോട്. തിരുവനന്തപുരം പൊന്മുടിയില്‍ പുരോഗമിക്കുന്ന 28-ാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് (28th Asian Mountain Bike Cycling Championship) പോരാട്ടങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ (ഒക്‌ടോബര്‍ 25) ഓണ്‍ലൈനായി ഉദ്‌ഘാടനം ചെയ്‌ത ചാമ്പ്യന്‍ഷിപ്പിലെ മത്സരങ്ങള്‍ ഇന്ന് രാവിലെ മെകിസ്റ്റൻ എസ്റ്റേറ്റിൽ പ്രത്യേകം ഒരുക്കിയ ട്രാക്കിലാണ് ആരംഭിച്ചത്.
വിവിധ കാറ്റഗറികളിലായി 18 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ നടക്കുന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി 30 അംഗ ടീമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. റിലെ, പുരുഷ വിഭാഗം അണ്ടര്‍ 20, 20 വയസിന് മുകളില്‍ ഉള്‍പ്പടെയുള്ള ഇനങ്ങളിലാണ് ടീം കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
'മിക്ക ദിവസങ്ങളിലും പെട്ടെന്ന് മഴ പെയ്യുന്ന കാലാവസ്ഥയാണ് പൊന്മുടിയിൽ. കഴിഞ്ഞ 50 ദിവസങ്ങളായി പൊന്മുടിയിൽ പരിശീലനം തുടർന്ന് വരികയാണ്. ടീമംഗങ്ങൾക്കും വ്യത്യസ്തമായ കാലാവസ്ഥകളിൽ പരിശീലനം ലഭിക്കാൻ പൊന്മുടിയിലെ സാഹചര്യം സഹായിച്ചു.
ചൂടിലും മഴയിലും പരിശീലനം നടത്താൻ അവസരം ലഭിച്ചു. എന്നാൽ അട്ടകളും പാമ്പുകളും പലപ്പോഴും റൈഡർമാരെയും സ്റ്റാഫുകളെയും ഭയപ്പെടുത്തുന്നു. കേരളത്തിൽ എത്തിയെങ്കിലും മറ്റൊരു സ്ഥലത്തും പോകാനായില്ല. സമയം ലഭിച്ചാൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.