ബുസാന്‍ :ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് 2023-ല്‍ ഇന്ത്യയ്‌ക്ക് തുടര്‍ കിരീടം. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇറാനെ 42-32 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിന്‍റെ ഒമ്പത് പതിപ്പുകളിൽ നിന്ന് ഇന്ത്യയുടെ എട്ടാം കിരീടമാണിത്. സൂപ്പർ 10 നേടിക്കൊണ്ട് ക്യാപ്റ്റൻ പവൻ സെഹ്‌രാവത്താണ് ഇറാനെതിരെ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചത്.
മത്സരത്തിന്‍റെ ആദ്യ അഞ്ച് മിനിട്ടില്‍ ഇന്ത്യയ്‌ക്കെതിരെ കനത്ത ആധിപത്യമായിരുന്നു ഇറാന്‍ പുലര്‍ത്തിയത്. പതിയെ തിരിച്ചുവന്ന ഇന്ത്യ 10-ാം മിനിട്ടില്‍ ഇറാനെ ഓൾഔട്ടാക്കി. പവൻ സെഹ്‌രാവത്തിന്‍റെയും അസ്‌ലം ഇനാംദാറിന്‍റെയും വിജയകരമായ റെയ്‌ഡുകളാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായിരുന്ന ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. പിന്നീട് മികച്ച ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ഇന്ത്യയ്‌ക്ക് എതിരെ ഇറാന് കുറച്ച് അനായാസ ബോണസ് പോയിന്‍റുകൾ ലഭിച്ചു. എന്നാല്‍ 19-ാം മിനിട്ടില്‍ സംഘത്തെ വീണ്ടും ഇന്ത്യ ഓൾഔട്ടാക്കി.
ആദ്യ പകുതി അവസാനിക്കുമ്പോള്‍ 23-11 എന്ന സ്‌കോറിന് മുന്നിലായിരുന്നു ഇന്ത്യ. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇറാന്‍ 29-ാം മിനിട്ടില്‍ ഇന്ത്യയെ ആദ്യ ഓള്‍ഔട്ട് ആക്കി. ഒരു രണ്ട് പോയിന്‍റ് റെയ്ഡും ഒരു സൂപ്പർ റെയ്ഡും നടത്തിയ ക്യാപ്റ്റൻ മൊഹമ്മദ്‌രേസ ഷാദ്‌ലൂയി ചിയാനെയാണ് മിന്നിയത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിട്ടുകള്‍ മാത്രം ശേഷിക്കെ, 38-31 എന്ന സ്‌കോറിന് ഇന്ത്യയ്‌ക്ക് ഏറെക്കുറെ ഒപ്പം പിടിക്കാന്‍ ഇറാന് കഴിഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യന്‍ വിജയം തടയാന്‍ മൊഹമ്മദ്‌രേസ ഷാദ്‌ലൂയി ചിയാനെയുടെ സംഘത്തിന് കഴിഞ്ഞില്ല. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോഴും ശക്തമായ പോരാട്ടത്തിനൊടുവില്‍ 33-28 എന്ന സ്‌കോറിന് ഇറാനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
ഇന്ത്യയേയും ഇറാനേയും കൂടാതെ ജപ്പാൻ, കൊറിയ, ചൈനീസ് തായ്പേയ്, ഹോങ്കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പില്‍ മത്സരിച്ചിരുന്നത്. എല്ലാ ടീമുകളും റൗണ്ട്-റോബിന്‍ രീതിയില്‍ പരസ്‌പരം ഓരോ മത്സരങ്ങള്‍ കളിച്ചതിന് ശേഷം ആദ്യ രണ്ടിലെത്തുന്നവര്‍ക്കായിരുന്നു ഫൈനലിന് യോഗ്യത ലഭിച്ചത്. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച് 10 പോയിന്‍റ് നേടിയ ഇന്ത്യയായിരുന്നു ഗ്രൂപ്പ് ഘട്ടത്തില്‍ ടേബിള്‍ ടോപ്പേഴ്‌സ് ആയത്. അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വി വഴങ്ങിയ ഇറാന്‍ എട്ടുപോയിന്‍റുമായി രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു.
അഞ്ച് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 288 പോയിന്‍റുകള്‍ നേടിയപ്പോള്‍ 97 പോയിന്‍റുകളാണ് വഴങ്ങിയത്. മറുവശത്ത് ഇറാന്‍ 283 പോയിന്‍റുകള്‍ നേടിയപ്പോള്‍ 122 പോയിന്‍റുകള്‍ വഴങ്ങിയിരുന്നു. അതേസമയം കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ പതിപ്പ് ഇറാനിലെ ഗോർഗനില്‍ 2017-ലാണ് അരങ്ങേറിയത്. അന്ന് ഫൈനലില്‍ അയല്‍ക്കാരായ പാകിസ്ഥാനെ 32-26 എന്ന സ്‌കോറിന് തോല്‍പ്പിച്ചായിരുന്നു ഇന്ത്യന്‍ ജയം. 2003-ല്‍ മലേഷ്യയിലെ കംഗാറിൽ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മാത്രമാണ് ഇന്ത്യയ്‌ക്ക് കിരീടം നഷ്‌ടമായത്. അന്ന് ഇറാനായിരുന്നു ജയം നേടിയത്.