ഹാങ്‌ചോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് സ്വർണ നേട്ടം (Men's 10m Air Pistol Team). സരബ്‌ജോത് സിങ്, ശിവ നർവ, അർജുൻ സിങ് ചീമ (Sarabjot Singh, Shiva Narwal, and Arjun Singh Cheema) എന്നിവരടങ്ങിയ ടീമാണ് പോഡിയത്തിലേറിയത്.
ശക്തമായ പോരാട്ടത്തിനൊടുവിൽ ആതിഥേയരായ ചൈനയെയാണ് ഇന്ത്യ പിന്തള്ളിയത്. ഇന്ത്യ 1734 പോയിന്‍റ് നേടിയപ്പോൾ ചൈനീസ് ടീമിന്‍റെ പോരാട്ടം 1733 ൽ അവസാനിക്കുകയായിരുന്നു. 1730 പോയിന്‍റ് നേടിയ വിയറ്റ്‌നാം വെങ്കലം നേടി.
യഥാക്രമം 580, 578 പോയിന്‍റുകൾ നേടിയ സരബ്ജോത്, അർജുൻ എന്നിവർ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. 576 പോയിന്‍റ് നേടിയ ശിവയ്‌ക്ക് ഫൈനലിൽ കടക്കാനായില്ല. ഇന്ത്യ ഇതുവരെ നേടിയ ആറ് സ്വർണത്തിൽ നാലും ഷൂട്ടിങ് വിഭാഗത്തിലാണ്. ഇതോടൊപ്പം നാല് വെള്ളിയും അഞ്ച് വെങ്കലവും നേടിയിട്ടുണ്ട്.
വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ സ്വർണനേടിയിരുന്നു (Asian Games 2023 India wins Gold in Shooting). മനു ഭാക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ (Manu Bhaker, Esha Singh and Rhythm Sangwan) എന്നിവരടങ്ങിയ ടീം 1759 പോയിന്‍റോടെയാണ് ഒന്നാമതെത്തിയത്. 1756 പോയിന്‍റുമായി ചൈന വെള്ളി മെഡൽ നേടിയപ്പോൾ 1742 പോയിന്‍റ് നേടിയ ദക്ഷിണ കൊറിയ വെങ്കലം സ്വന്തമാക്കിയത്.
വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ഇനത്തിൽ ലോക റെക്കോഡോടെ സിഫ്റ്റ് കൗർ സംര സ്വർണം നേടിയപ്പോൾ ആഷി ചൗക്‌സി വെങ്കല മെഡൽ സ്വന്തമാക്കി (Sift Kaur Samra wins gold 50m rifle 3 positions). 469.6 പോയിന്‍റ് നേടിയ സിഫ്റ്റ് കൗർ സംര 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ ലോക റെക്കോഡ്, ഗെയിംസ് റെക്കോഡുകൾ സ്വന്തം പേരിലാക്കിയാണ് പോഡിയത്തിലേറിയത്.
ആതിഥേയരായ ചൈനയുടെ ക്യോങ്യൂ ഷാങ് 462.3 പോയിന്‍റുമായി വെള്ളി നേടി. മൂന്നാമതെത്തിയ ആഷി ചൗക്‌സി 451.9 പോയിന്‍റാണ് സ്വന്തമാക്കിയത്. അതേസമയം, മണിനി കൗശിക് യോഗ്യത റൗണ്ടിൽ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തു.