കൊല്‍ക്കത്ത:എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് വീണ്ടുമിറങ്ങുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനാണ് എതിരാളി. രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.
ഫിഫ റാങ്കിങ്ങില്‍ അഫ്‌ഗാനെക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. 106-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 150-ാം റാങ്കിലാണ് അഫ്‌ഗാന്‍. നേരത്തെ ഒമ്പത് മത്സരങ്ങളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യയ്‌ക്ക് ആധിപത്യമുണ്ട്. ഇന്ത്യ ആറുതവണ ജയിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് അഫ്‌ഗാനൊപ്പം നിന്നത്. രണ്ട് മത്സരം സമനിലയിലായി.
ആദ്യ മത്സരത്തില്‍ കംബോഡിയയെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സുനില്‍ ഛേത്രിയും സംഘവും. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കംബോഡിയക്കെതിരായ വിജയം. അഫ്‌ഗാനെതിരെയും മുന്നേറ്റനിരയില്‍ സുനില്‍ ഛേത്രി, മന്‍വീര്‍സിങ്, ലിസ്റ്റണ്‍ കോളാസോ ത്രയത്തെ തന്നെയാവും പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇറക്കുക.
also read: യുവേഫ നേഷന്‍സ് ലീഗ് : ആദ്യ ജയത്തിനായി ഫ്രാന്‍സിന് കാത്തിരിക്കണം, ഓസ്ട്രിയക്കെതിരെ സമനിലക്കുരുക്ക്
മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും ആഷിഖ് കുരുണിയനും ടീമിലുണ്ടെങ്കിലും ആദ്യ ഇലവനില്‍ സാധ്യതയില്ല. ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്ന് പോയിന്‍റുമായി നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്‌ക്ക് അഫ്‌ഗാനെ കീഴടക്കിയാല്‍ മുന്നോട്ടുള്ള യാത്ര സുഗമമാക്കാം.